തൃശൂർ: സിനിമാ രംഗത്തുനിന്ന് പീഡനക്കഥ വീണ്ടും. നായികാവേഷം വാഗ്ദാനംചെയ്ത് ദന്തഡോക്ടറായ യുവതിയെ പീഡിപ്പിക്കുകയും 33 ലക്ഷത്തോളം രൂപ തട്ടുകയും ചെയ്ത യുവാവിനെ അറസ്റ്റുചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി വിൻസൻ ലോനപ്പനാണ് എറണാകുളം നോർത്ത് പോലീസിന്റെ വലയിലായത്.
ഇപ്പോൾ തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന അമേരിക്കൻ മലയാളിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവനായകന്റെ സിനിമയിൽ അസിസ്റ്റന്റ് സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുള്ള വിൻസൻ യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും പണംതട്ടുകയുമായിരുന്നു.
സിനിമയിൽ നായികാവേഷം കിട്ടുന്നതിന് മന്ത്രവാദം അടക്കമുള്ള ആഭിചാര പ്രവർത്തനങ്ങൾ നടത്തണമെന്ന് യുവതിയെ ഇയാൾ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്രേ. ഈ പേരിലാണ് ലക്ഷങ്ങൾ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.