കോട്ടയം: പതിനഞ്ചുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അനാഥ മന്ദിരം നടത്തിപ്പുകാരനെതിരേ പാന്പാടി പോലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഒരു വർഷം മുന്‍പ് നടന്ന സംഭവത്തിൽ ഇന്നലെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കൾ കോട്ടയം വനിതാ സെല്ലിൽ പരാതി നല്‍കിയത്. തുടർന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പീഡനത്തെ തുടർന്ന് പെണ്‍കുട്ടി അനാഥമന്ദിരത്തിലെ താമസം മതിയാക്കി പോയെന്നും പരാതിയിൽ പറയുന്നു. അതേ സമയം പരാതിയിൽ എത്രമാത്രം യാഥാർഥ്യമുണ്ടെന്നറിയാൻ പോലീസ് പ്രത്യേക ടീമിനെ നിയോഗിച്ചിരിക്കുകയാണ്. പരാതി ശരിയാണെന്നു ബോധ്യപ്പെട്ടാൽ മാത്രമേ അറസ്റ്റ് അടക്കമുള്ള തുടർ നടപടികളിലേക്ക് പോലീസ് നീങ്ങുകയുള്ളു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നു വരുന്നതായി പാന്പാടി എസ്ഐ ശ്രീജിത് അറിയിച്ചു. അച്ഛൻ മരണപ്പെടുകയും അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിൽ കഴിയുകയും ചെയ്ത സാഹചര്യത്തിലാണ് പെണ്‍കുട്ടി അനാഥ മന്ദിരത്തിൽ എത്തിയത്.