പാന്പാടി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. പാന്പാടി ആശ്വാസ ഭവൻ ഡയറക്ടർ ജോസഫ് മാത്യു (58)വിനെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം കുട്ടിക്കാനത്തുനിന്നാണു ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രന്റെ നിർദേശാനുസരണം പാന്പാടി സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്.
ഇടുക്കി സ്വദേശിയായ പന്ത്രണ്ടുകാരിയെ ഉപദ്രവിച്ച കേസിൽ പോക്സോ നിയമപ്രകാരം കേസ് എടുത്തതിനെ തുടർന്നു ജോസഫ് മാത്യു ഒളിവിലായിരുന്നു. ഇതേ തുടർന്നു പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. ഇയാളുടെ ബന്ധു വീടുകളിലും കഴിഞ്ഞ ദിവസം മുതൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
ഇയാൾ ഹൈക്കോടതിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും തള്ളിയിരുന്നു.
ഡയറക്ടർ ഒളിവിൽ പോയതിനെ തുടർന്ന് ഇവിടത്തെ അന്തേവാസികളായ 12 കുട്ടികളെ ജില്ലാ ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മറ്റു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. വിവിധ കേസുകളിൽ അകപ്പെട്ടു ജയിലിൽ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് ആശ്വാസഭവൻ.