വെഞ്ഞാറമൂട്: ബന്ധുവായ അറുപത് കാരിയെ ചായയിൽ ഉറക്കഗുളിക നൽകി മാനഭംഗ പ്പെടുത്തുകയും സ്വർണമാല മോഷ്ടിക്കുകയും ചെയ്ത കേസിൽ പത്തൊൻപതുകാരൻ പിടിയിൽ. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ കഴിഞ്ഞ 17 ന് രാവിലെ 11 ഓടെ ഇവരുടെ വീട്ടിലേയ്ക്ക് കടന്നു ചെന്ന പ്രതി ചായയിൽ ഉറക്കഗുളിക കലക്കി നൽകിയ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. തുടർന്ന് കഴുത്തിൽ കിടന്ന ഒരു പവന്റെ മാലയും പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.
അവശനിലയിലായ സ്ത്രീയ്ക്ക് പിറ്റേ ദിവസമാണ് ബോധം തിരിച്ചു കിട്ടിയത്.18 ന് ഹർത്താൽ ആയതിനാൽ 19 ന് ഇവർ വെഞ്ഞാറമൂട് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. സ്ത്രീ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചുവന്നത്. ഇവരുടെ ഭർത്താവും മകനും നേരത്തെ മരണപ്പെട്ടിരുന്നു.
സംഭവത്തിന് ശേഷം വെട്ടു റോഡിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയെ ചന്തവിളയ്ക്ക് സമീപം വച്ച് ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പക്ടർ ആർ.വിജയൻ, സബ്ബ് ഇൻസ്പക്ടർ എം.സാഹിൽ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.