വടക്കഞ്ചേരി: വിദ്യാർത്ഥിനികളെ തട്ടികൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതികളെ ഡിസ്ചാർജ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. യുവാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഡ്രൈവർന്മാരായ എളവന്പാടം തച്ചക്കോട് രതീഷ് (34), സുഹൃത്ത് എളവന്പാടം കണിയമംഗലം ചെറുക്കുന്നം മൂഴിവിളയിൽ ജിന്റോ പീറ്റർ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടികളെ തട്ടികൊണ്ട് പോകാൻ കൂട്ടുനിന്നയാളാണ് പിടിയിലായിട്ടുള്ളതെന്ന് സൂചനയുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്.സി വിഭാഗത്തിൽപ്പെട്ട ഒരു കുട്ടി ഉൾപ്പെടെ പതിനഞ്ചും പതിനാറും വയസുള്ള രണ്ട് വിദ്യാർഥിനികളെയാണ് യുവാക്കൾ തട്ടികൊണ്ട് പോയി രതീഷ് വാടകക്ക് താമസിക്കുന്ന വീട്ടിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. സുഹൃത്ത് ജിന്റോ പീറ്ററിനേയും വിളിച്ചു വരുത്തിയായിരുന്നു സംഭവം.
കുട്ടികളെ കാണാതായതിനെ തുടർന്നുള്ള തെരച്ചിലിൽ യുവാക്കൾ കഴിഞ്ഞിരുന്ന വാടക വീട്ടിൽ കണ്ടെത്തുകയായിരുന്നു. പ്രകോപിതരായ നാട്ടുകാർ യുവാക്കളെ കൈകാര്യം ചെയ്തു. ഇതിലാണ് പ്രതികൾക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രതീഷിന്റെ കാറും കസ്റ്റഡിയിലെടുത്തിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യയും മറ്റെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് വടക്കഞ്ചേരി സി ഐ ബി.സന്തോഷിന്റെ നേതൃത്വത്തിലുമാണ് അന്വേഷണം നടത്തുന്നത്. വാടക വീട്ടിൽ ഒരേ സമയത്തായിരുന്നു രണ്ട് പെണ്‍കുട്ടികളേയും യുവാക്കൾ പീഡിപ്പിച്ചത്.