പൂന: വന്നു വന്ന് ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും രക്ഷയില്ലെന്നായി. പൂനെയിൽ കോവിഡ് 19 സ്ഥിരീകരിച്ച 35വയസുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ വാർഡ് ബോയിയെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെ ഹഡാപ്സറിലാണ് സംഭവം.
40വയസുള്ള വാർഡ് ബോയ് അശോക് ഗവാലിയാണ് പ്രതി. ഹഡാപ്സറിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കോവിഡ് 19 ചികിത്സയുടെ ഭാഗമായി ഐസിയുവിലായിരുന്നു യുവതി. ജൂലൈ 22നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗാവസ്ഥ ഭേദമായി വന്നതിനെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ജനറൽ വാർഡിലേക്ക് മാറ്റി. വാർഡിൽ വിശ്രമിക്കുകയായിരുന്ന യുവതിയുടെ സമീപത്തേക്ക് വാർഡ് ബോയ് എത്തി. ഈ സമയം അയാൾ പിപിഇ കിറ്റ് ധരിച്ചിരുന്നു.
യുവതിയുടെ ബെഡ്ഡിന് അടുത്തെത്തിയപ്പോൾ ഇയാൾ മാസ്ക് അഴിച്ചുമാറ്റി യുവതിയോട് കുശലം ചോദിച്ചു. വ്യക്തി പരമായ ചോദ്യങ്ങൾക്കൊക്കെ സാധാരണനിലയിൽ യുവതി മറുപടി നൽകി. പിന്നീട് ഫോൺ നന്പർ ആവശ്യപ്പെട്ടു.
പ്രതിയുടെ ഉദ്ദേശ്യം ശരിയല്ലെന്നും ആദ്യത്തെ സംസാര രീതി മാറിയെന്നും മനസിലാക്കിയ യുവതി ഫോൺ നന്പർ നൽകിയില്ല. തുടർന്ന് പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഈ സമയം വനിതാ ജീവനക്കാരി വാർഡിലേക്ക് കടന്നുവന്നു.
വനിതാ ജീവനക്കാരിയെ കണ്ടയുടൻ വാർഡ് ബോയ് രക്ഷപ്പെട്ടു. ഉടൻ തന്നെ വനിതാ ജീവനക്കാരി ആശുപത്രി അധികൃതരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസിന് യുവതി പരാതിയും നൽകി.
ആശുപത്രിയിലെ കരാർ ജോലിക്കാരനായിരുന്നു അശോക് ഗവാലിയെന്നും മോശം പെരുമാറ്റം ഉണ്ടായ നിലയ്ക്ക് അദ്ദേഹത്തെ ജോലിയിൽനിന്ന് പിരിച്ചുവിടുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.