പെരുന്പാവൂർ: പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ രണ്ടു വർഷത്തിനുശേഷം തിരിച്ചറിഞ്ഞു. അസം നൗഗാവ് സ്വദേശി അബ്ദുൾ ഹക്കീം (29) ആണ് പെരുന്പാവൂരിൽ അഞ്ച് വർഷമായി മാതാപിതാക്കൾക്കൊപ്പം താമസിച്ചുവന്നിരുന്ന പെണ്‍കുട്ടിയെ രണ്ടുവർഷം മുന്‍പ് ലൈംഗികമായി പീഡിപ്പിച്ചത്. ഇയാൾ ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ കേസിൽ നിലവിൽ വിയ്യൂർ ജയിലിൽ കഴിയുകയാണ് .
പെണ്‍കുട്ടിയുടെ പിതാവുമായി അടുപ്പത്തിലായിരുന്ന പ്രതി ഇരിങ്ങോൾ ഭാഗത്തുള്ള റബ്ബർ തോട്ടത്തിൽ പെൺകുട്ടിയെ എത്തിച്ചു കൈയും കാലും തോർത്തുപയോഗിച്ച് കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പെണ്‍കുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പിന്നീടൊരിക്കൽ പിതാവിനെ ക്രൂരമായി മർദിച്ച ശേഷം മുറിയിൽ പൂട്ടിയിട്ടിട്ടശേഷം വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു.
ഒരു മാസം മുന്‍പ് പെൺകുട്ടി സ്കൂൾ അധികൃതരോട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. പെരുന്പാവൂർ സിഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് 2015ൽ ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന അബ്ദുൾ ഹക്കീമാണ് പീഡനക്കേസിലും പ്രതിയെന്ന് ഉറപ്പിച്ചത്. തിരിച്ചറിയൽ പരേഡിൽ പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.