തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഉസ്താദിന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.
ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാൻ (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.
2018 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ പല തവണ പീഡിപ്പിച്ചതിനുശേഷം പ്രതി വിവാഹവാഗ്ദാനത്തിൽ നിന്നു പിന്മാറി.
ഇതു ചോദിക്കാൻ എത്തിയ പെണ്‍കുട്ടിയോടു പ്രതി മോശമായി പെരുമാറി. ഇതിൽ മനംനൊന്ത് 2018 ഡിസംബർ 13ന് അർധരാത്രി പ്രതിയുടെ വീടിന്റെ മുകളിൽ കയറി കുട്ടി ആത്മഹത്യക്കു ശ്രമിച്ചു.
ഈ സമയം സ്ഥലത്തുണ്ടായിരുന്ന പ്രതി കുട്ടിയെ മർദിക്കുകയും ചെയ്തു. ഒടുവിൽ പൂന്തുറ പോലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്കു കൊണ്ടു പോയി.
കുട്ടിയെ വൈദ്യപരിശോധനയക്ക് വിധേയയാക്കിയപ്പോഴാണ് പ്രതി തന്നെ പീഡിപ്പിച്ച വിവരം കുട്ടി പുറത്തു പറഞ്ഞത്. പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നു പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. പിഴത്തുക കുട്ടിക്കു നൽകണമെന്ന് വിധിന്യായത്തിൽ പറയുന്നു. സർക്കാർ കുട്ടിക്കു നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു.