പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി പിടിയില്‍.
ഏനാദിമംഗലം മാരൂര്‍ കണ്ടത്തില്‍ പറമ്പില്‍ അഭിജിത്താണ് (20) കൂടല്‍ പോലീസ് പിടിയിലായത്.പീഡനത്തേ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ട നടപടികളും മറ്റും കൈക്കൊണ്ടിരുന്നു.
ആന്ധ്രയിലേക്കു കടന്നു
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ സാഹസികമായാണ് കൂടല്‍ പോലീസ് വലയിലാക്കിയത്. കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജി പുഷ്പകുമാറാണ് അന്വേഷണം നടത്തിയത്.
കേരളം വിട്ട പ്രതി, ആന്ധ്രാപ്രദേശില്‍ പിതാവ് താമസിക്കുന്ന സ്ഥലത്തേക്കാണ് ആദ്യം പോയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ലൊക്കേഷനുകള്‍ മനസിലാക്കിയ പോലീസ് സംഘം അവിടേക്ക് നീങ്ങുമ്പോഴേക്കും, പ്രതി അവിടെ നിന്നു മുങ്ങിയിരുന്നു.
പോലീസ് എത്തുന്നതിനു മുന്‍പ്
ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് അന്വേഷണം പുരോഗമിക്കവേ, ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നു. പോലീസ് അവിടെയെത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ്, വിദഗ്ധമായി കബളിപ്പിച്ചു രക്ഷപ്പെട്ടു.
ആന്ധ്രയിലും തമിഴ്നാട്ടിലുമായി മാറിമാറി ഒളിവില്‍ കഴിഞ്ഞ പ്രതി, തന്ത്രപരമായി കരുക്കള്‍ നീക്കിയ പോലീസ് സംഘത്തിന്റെ വലയില്‍ കുടുങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അഭിജിത്തിനെ റിമാന്‍ഡ് ചെയ്തു.