മഞ്ചേരി : പതിനൊന്നു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ മധ്യവയസ്കനെ മഞ്ചേരി ഫാസ്റ്റ് ട്രാക് അതിവേഗ കോടതി (രണ്ട്) 63 വര്‍ഷം കഠിന തടവിനും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കോട്ടക്കല്‍ പുതുപ്പറമ്പ് കാരാട്ടങ്ങാടി തൂമ്പത്ത് ഇബ്രാഹി (55)മിനെയാണ് ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 2019 ഡിസംബര്‍ ഏഴു മുതല്‍ 2020 ഫെബ്രുവരി 29 വരെയുള്ള കാലയളവില്‍ പ്രതിയുടെ എടരിക്കോടുള്ള വീട്ടില്‍ വച്ച് പലതവണ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയെന്നാണ് കോട്ടക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
പോക്സോ ആക്ടിലെ 5(എല്‍), 5(എം), 5(എന്‍) എന്നീ ഓരോ വകുപ്പിലും 20 വര്‍ഷം വീതം കഠിനതടവ് പതിനായിരം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. ഓരോ വകുപ്പുകളിലും പിഴയടക്കാത്ത പക്ഷം മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം.
ഇതിനു പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴയും പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.
എന്നാല്‍ തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പ്രതി 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
കോട്ടക്കല്‍ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന സന്ധ്യാദേവി മൊഴി രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍മാരായ റിയാസ് ചാക്കീരി, കെ.ഒ. പ്രദീപ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എന്‍. മനോജ് 16 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.
16 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് ലെയ്സണ്‍ വിംഗിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ആയിഷ കിണറ്റിങ്ങല്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.