ഇടുക്കി: അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ഒളിവില്‍ പോയ രണ്ടാനച്ഛന് പിടിയില്‍.
ഇയാള്‍ക്കായി പോലീസ് വ്യാപക തെരച്ചില്‍ നടത്തി വരുന്നതിനിടെ തൃശൂരില്‍ നിന്നാണ് ഇന്നലെ രാത്രി പ്രതി പിടിയിലായത്.
വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു.
അടിമാലിയില്‍ നിന്നു രക്ഷപ്പെട്ട പ്രതി എറണാകുളത്തു നിന്നു നടത്തിയ ഒരു ഫോണ്‍കോളിനെ പിന്തുടര്ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ തൃശൂരിലുണ്ടെന്ന് പോലീസിനു മനസിലായത്.
ഇയാളെ പിന്തുടർന്ന പോലീസ് രാത്രിയോടെ പിടികൂടുകയായിരുന്നു. പ്രതിയെ അടിമാലി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
മൂന്നാറിലെ ഹോട്ടലില്‍ പാചകത്തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു പ്രതി. പാലക്കാട് സ്വദേശിയായ ഇയാള്‍ വ്യാജ പേരിലാണ് അടിമാലി പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്നത്.
പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും.പെൺകുട്ടിക്കു കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രതിയും മാതാവും ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു.
പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടർന്ന്, പോലീസ് വിവരം തിരക്കിയപ്പോള്‍ രണ്ടാനച്ഛന് നിരന്തരം പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നല്കി.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി മുങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.