ചാവക്കാട്: കാമുകന് ഒന്പതുവയസുകാരി മകളെ കാഴ്ചവച്ച സംഭവത്തിൽ കാമുകനും മാതാവും പിടിയിലായി. അകലാട് കാട്ടിൽപ്പള്ളി സ്വദേശി കല്ലുവളപ്പിൽ അലി (50) പെരിന്തൽമണ്ണ സ്വദേശിനി 37 കാരിയായ മാതാവ് എന്നിവരെയാണ് ചാവക്കാട് സ്റ്റേഷൻ ഓഫീസർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പെരിന്തൽമണ്ണ സ്വദേശിനിയെ വിവാഹം ചെയ്തുകൊടുക്കാൻ ഇടനിലക്കാരനായത് അലിയാണ്. ഈ സൗഹൃദത്തിൽ അലി ഇടയ്ക്കിടക്ക് വീട്ടിൽ വരാറുണ്ട്. പിന്നീട് നിത്യ സന്ദർശകനായി.
ഇതിന് യുവതിയുടെ ഭർത്താവും ഉമ്മയും തടസമായപ്പോൾ അലി വരുന്ന ദിവസങ്ങളിൽ ഇരുവർക്കും ഉറക്കഗുളിക കൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിയുമായി ബന്ധപ്പെട്ടിരുന്ന അലി പിന്നീട്ഒന്പതുവയസുകാരി യായ കുട്ടിയെകൂടി ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
കുട്ടി എതിർത്തെങ്കിലും കത്തികാണിച്ച് ഭീഷണിപ്പെടുത്തി. ഇതിനിടയിൽ പലതവണയായി 15 പവന്റെ സ്വർണാഭരണവും അലി കൈക്കലാക്കി. ഇത് പണയം വച്ചിരിക്കുകയാണ്. കഴിഞ്ഞ 14ന് രാത്രി കുട്ടിയുടെ കരച്ചിൽകേട്ട് ഉറക്കമുണർന്ന ഭർത്താവിന്റെ മാതാവ് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്.
ഉടനെ അലി ഉണ്ടായിരുന്ന മുറി മാതാവ് പുറത്തുനിന്ന് പൂട്ടി ബന്ധുക്കളെയും അയൽക്കാരെയും വിവരമറിയിച്ചു.പിന്നീട് ഇവർ അലിയെ പോലീസിന് കൈമാറി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തായത്. ചൈൽഡ് വെൽഫെയറിന്റെ പരാതിയെ തുടർന്നാണ് മാതാവിനെയും കാമുകനെയും അറസ്റ്റുചെയ്തത്. രണ്ടുവിവാഹം കഴിച്ച അലിക്ക് അഞ്ച് കുട്ടികളുണ്ട്.
എസ്ഐമാരായ കെ.ജി. ജയപ്രദീപ്, കെ.വി. മാധവൻ, എഎസ്ഐ അനിൽ മാത്യു, വനിത സിപിഒ നീരജ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കുട്ടിയെ ബന്ധുക്കളുടെ സംരക്ഷണത്തിലേക്ക് വിട്ടു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.