മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തു. ആനിക്കാട് പൂതക്കുഴി തലപ്പിള്ളി അമൽരാജി (28)നെയാണ് കർണാടകയിലെ ബെല്ലാരിയിൽനിന്നു പിടികൂടിയത്.
ഡിവൈഎസ്പി കെ. അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐ എം.എ. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആനിക്കാട് ഭാഗത്തുള്ള പെണ്‍കുട്ടിയെ കഴിഞ്ഞ 26നാണ് തട്ടിക്കൊണ്ടുപോയത്.
വിവിധ സ്ഥലങ്ങളിൽ താമസിച്ച് ബെല്ലാരിയിലുള്ള വനപ്രദേശത്ത് വാടകവീട്ടിൽ പെണ്‍കുട്ടിയുമൊത്ത് ഒളിവിൽ കഴിഞ്ഞുവരുന്പോഴാണ് പ്രതി പിടിയിലായത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ ഹരിജന പീഡനം ഉൾപ്പെടെയുള്ള മറ്റു നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. ഓട്ടോ ഡ്രൈവറായ ഇയാൾക്ക് ഭാര്യയും കുട്ടിയുമുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.