നെടുമങ്ങാട് : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുമായി വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്ന യുവാവും ബന്ധുവും പെൺകുട്ടിയുടെ മാതാവും പോക്സോ കേസിൽ അറസ്റ്റിൽ.
അരുവിക്കരയ്ക്ക് സമീപം മുള്ളിലവിൻമൂട് അറുമാൻകോട്ടുകോണത്ത് വീട് വാടകയ്ക്ക് എടുത്ത് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുമായി നാലുമാസത്തോളമായി താമസിച്ചു വരികയായിരുന്ന കൊല്ലം സ്വദേശിയായ യുവാവിനെയും ഇയാളുടെ ബന്ധുവിനെയും പെൺകുട്ടിയുടെ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം പള്ളിമുക്ക് മണക്കാട് ഇലവന്റെ അകം മാളികയിൽ എസ്. അമീർ (25), ഇയാളുടെ ബന്ധു കൊല്ലം അയത്തിൽ വടക്കേവിള ഫാത്തിമ മൻസിലിൽ എം.സൈദലി (22), പെൺകുട്ടിയുടെ മാതാവ് എന്നിവരെയാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി മൂന്നു മാസം ഗർഭിണി ആണെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
അമീറും പെൺകുട്ടിയും ഭാര്യ ഭർത്താക്കന്മാരായി കഴിയുകയായിരുന്നുവെന്നും അമീർ കൊല്ലത്ത് പിടിച്ചുപറി കേസിലും കഞ്ചാവ് കേസിലും, സെയ്ദലിയും പിടിച്ചുപറി കേസിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി രാസിത്ത്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, അരുവിക്കര സിഐ ഷിബുകുമാർ, ഷാഡോ ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ റിമാൻഡ് ചെയ്തു.