നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭത്തിന് വിധേയമാക്കിയ കേസിൽ അമ്മ ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി ജസീല, തൊളിക്കോട് ചിറ്റിക്കോണം സ്വദേശി ഹാഷിം,ആര്യനാട് പറണ്ടോട് സ്വദേശി ഷാനവാസ്, വെമ്പായം സ്വദേശി ചിത്രരാജൻ, നെടുമങ്ങാട് സ്വദേശി നവാസ് എന്നിവരാണ് അറസ്റ്റിലായത്.
പീഡനത്തെത്തുടർന്ന് വലിയമല പോലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസിൽ പെൺകുട്ടിയെ പൂജപ്പുര മഹിളാ മന്ദിരത്തിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. പെൺകുട്ടി നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മാതാവും രണ്ടാനച്ഛനും ചേർന്നാണ് പെൺവാണിഭം നടത്തുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി എ. അശോക്കുമാറിന്റെ നിർദേശാനുസരണം അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് സിഐ എസ്എസ് സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സോമൻ, സിപിഒ മാരായ ഷാജി, രാജീവ്, ദീപു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റുപ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.