അഞ്ചൽ : പതിനാറുകാരിയായ പ്ലസ് വൺ വിദ്യര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കാരണം പീഡനമെന്ന് പോലീസ്. സംഭവത്തില്‍ അയല്‍വാസിയും കാമുകനുമടക്കം രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ സ്വാദേശികളായ രതീഷ്, കാമുകൻ ശരത് എന്നിവരെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 23-ന് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് തെളിഞ്ഞതോടെയാണ് അഞ്ചല്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിൽ അറസ്റ്റിലായ രതീഷ് ഒരു വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. അതേസമയം പീഡന വിവരം അറിഞ്ഞിട്ടും പുറത്ത് പറയാതിരിക്കുകയും പെണ്‍കുട്ടിയെ പ്രണയിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് കാമുകന് ശരത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ പോക്സോ നിയമവും ചുമത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ വ്യക്തമാകുവെന്ന് അഞ്ചല്‍ സിഐ സി എല്‍ സുധീർ പറഞ്ഞു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.