ചാത്തന്നൂർ: വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുണ്ടാക്കി സ്കൂൾ വിദ്യാർഥിനികളെ പരിചയപ്പെട്ട് വശത്താക്കിയ ശേഷം പീഡിപ്പിച്ചു കടക്കുന്ന യുവാവ് ഇരവിപുരം പോലീസിന്റെ പിടിയിലായി.
കൊട്ടിയം പറക്കുളം പെട്രോൾ പമ്പിന് പുറകുവശം മഞ്ഞക്കുഴി നജീം മൻസിലിൽ ആഷിക്ക് (22) ആണ് പിടിയിലായത്. ഇരവിപുരം സ്വദേശിനിയായ വിദ്യാർഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്.
സാമുഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട ശേഷം ഇവരുമായി സൗഹൃദത്തിലാകുകയും ലൈംഗികമായി ചൂഷണം ചെയ്ത ശേഷം കടക്കുകയാണ് ഇയാൾ ചെയ്തിരുന്നത്.
സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും പീഡന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുമെന്നും ഇരകളെ ഭീഷണിപ്പെടുത്തുകയാണ് പതിവ്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കൊല്ലം സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുണ്ടറ പടപ്പക്കരയിലെ ഇയാളുടെ ഒളിസങ്കേതം കണ്ടെത്താനായത്. പോലീസ് എത്തിയതറിഞ്ഞ് വീടിന്റെ ടെറസിന് മുകളിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഇയാൾക്ക് മയക്കുമരുന്നു സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.ഇരവിപുരം സ്റ്റേഷൻ പരിധിയിലെ ക്രിമിനൽ കേസുകളിലെ പ്രതികളുമായി ഇയാൾ നിൽക്കുന്ന ചിത്രങ്ങൾ പോലീസിന് ലഭിച്ചിട്ടുള്ളതിനാൽ ഇയാളുടെ പേരിൽ മറ്റ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
ഇരവിപുരം എസ്ഐമാരായ അനീഷ്, ബിനോദ് കുമാർ, ദീപു, ജിഎസ്ഐ സന്തോഷ്, എഎസ്ഐ ഷിബു പീറ്റർ, ഗ്രേഡ് എഎസ്ഐ.രാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.