വളപട്ടണം: പ്രണയംനടിച്ച് പതിനാറുകാരിയെ സംസ്ഥാനത്തിന് പുറത്തെ വിവിധ കേന്ദ്രങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ കുടുക്കിയത് ഫോൺ കാളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം.
പത്തു മാസം മുമ്പ് നടന്ന സംഭവത്തിൽ പ്രതി മയ്യിൽ കടൂർ നിരന്തോടിലെ അഷിത്ത് പാലി (20) നെയാണ് അറസ്റ്റു ചെയ്തത്. വളപട്ടണം പോലീസ് ഇൻസ്പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വിദഗ്ധമായാണ് പ്രതിയെ പിടികൂടിയതും പതിനാറുകാരിയെ നാട്ടിൽ എത്തിച്ചതും.
പെൺകുട്ടിയെ കാണാതായതു മുതൽ വീട്ടുകാരും നാട്ടുകാരും നൽകിയ സൂചനകൾ വച്ച് അന്വേഷണം അഷിത്ത്പാലിനെ കേന്ദ്രീകരിച്ച് നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
ചെന്നൈ, പഴനി, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പോലീസ് യുവാവിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ വിളികൾ പരിശോധിച്ചപ്പോഴാണ് സൂചനകൾ ലഭിച്ചത്.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പതിനായിരകണക്കിന് ഫോൺ വിളികളാണ് അന്വേഷണസംഘം പരിശോധിച്ചത്. അഷിത്തിന്റെ അച്ഛന് ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ ഫോൺ വിളിയാണ് പ്രതിയെ കുറിച്ച് സൂചന നൽകിയത്.
പെൺകുട്ടിയെയും കൊണ്ട് തിരുപ്പതിയിൽ ഒളിവിൽ കഴിയുന്നതിനിടെ മറ്റൊരു കേസിൽ അഷിത്ത് ജയിലിലും കിടന്നു.പിന്നീട് പുറത്തിറങ്ങിയ ശേഷം പെൺകുട്ടിയെയും കൂട്ടി കർണാടകയിൽ എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിയെ ഒളിവിൽ പാർപ്പിക്കുന്നതിന് അഷിത്തിന്റെ ബന്ധുക്കൾ ഒത്താശ ചെയ്തു കൊടുത്തതായി മനസിലായിട്ടുണ്ട്. ഇവർക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് വളപട്ടണം സർക്കിൾ ഇൻസ്പെക്ടർ എം.കൃഷ്ണനും സംഘവും പ്രതിയെ പിടികൂടിയത്. പതിനാറുകാരിയെ നാട്ടിലെത്തിച്ച് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
സംഘത്തിൽ വളപട്ടണം എസ്ഐ ഷിജു, സിവിൽ പോലീസ് ഓഫീസർമാരായ ബിജു, സിന്ധു, രമേശൻ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.