ചങ്ങരംകുളം: പൊന്നാനിയിൽ നാലര വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കർണാടക സ്വദേശി അറസ്റ്റിൽ. പൊന്നാനിയിൽ മതപഠനത്തിനെ ത്തിയ കർണാടകയിലെ ബങ്കൽകോട്ട് ലോകപ്പൂർ സ്വദേശി ഹഡപ്പാട് അശോകി(37)നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവം നടന്നു ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ലെന്ന വിമർശനങ്ങൾക്കിടെയാണ് മംഗലാപുരത്തിനടുത്ത് ഉള്ളാലിൽ ഒളിവിൽ കഴിഞ്ഞു വന്ന പ്രതിയെ പോലീസ് പിടികൂടിയത്.
സംഭവം കഴിഞ്ഞ ഉടനെ പൊന്നാനിയിൽ നിന്നു കർണാടകയിലെ താമസസ്ഥലത്തേക്കു കടന്ന പ്രതി പാസ്പോർട്ട് തരപ്പെടുത്തി വിദേശത്തേക്കു കടക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ വലയിലാകുന്നത്. മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് അതി വിദഗ്ധമായ നീക്കങ്ങളിലൂടെയാണ് പോലീസ് കർണാടകയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പൊന്നാനിയിൽ മതപഠനത്തിനെത്തിയ കുടുംബത്തിലെ നാലര വയസുകാരിയെയാണ് ഇവിടെ അന്തേവാസിയായിരുന്ന അശോക് ക്രൂരമായ പീഡനത്തിനിരയാക്കിയത്. തുടർന്നു നാട്ടിലേക്കു കടക്കുകയായിരുന്നു. ഇതിനിടെ ശാരീരിക അസ്വസ്ഥതകൾ മൂലം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് പീഡനത്തിനിരയായ വിവരം മതപഠന നടത്തിപ്പുകാരും കുട്ടിയുടെ മാതാപിതാക്കളും അറിയുന്നത്.
സംഭവത്തിൽ ചൈൽഡ് ലൈനിനു നൽകിയ പരാതിയിൽ പൊന്നാനി പോലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാൻ വൈകിയത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കൊല്ലം സ്വദേശികളായ കുട്ടിയുടെ കുടുംബം 15 ദിവസം മുന്‍പാണ് പൊന്നാനിയിൽ മതപഠനത്തിനായി എത്തിയത്.
സ്ത്രീകളെയും പുരുഷൻമാരെയും രണ്ടിടങ്ങളിലായാണ് ഇവിടെ താമസിപ്പിക്കുന്നതെങ്കിലും അമ്മയോടോപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി പിതാവിനെ കാണാൻ ആഗ്രഹം പ്രകടപ്പിക്കുന്പോൾ പിതാവ് താമസിക്കുന്നിടത്തേക്ക് പോകാറുണ്ടായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
സംഭവത്തിൽ സ്ഥാപന മേധാവികൾ തന്നെയാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തത്. കൗണ്‍സിലിംഗ് നടത്തിയതോടെ കുട്ടി പീഡനത്തിനിരയായതായി ചൈൽഡ് ലൈനിനു ബോധ്യപ്പെട്ടതോടെ ചൈൽഡ് ലൈനും സ്ഥാപന മേധാവികളും പൊന്നാനി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു പ്രതിയെ കണ്ടെത്താൻ കഴിയുന്ന തെളിവുകൾ ഒന്നും തന്നെ പോലീസിനു ലഭിച്ചിരുന്നില്ല.
പ്രതിക്കെതിരെ പോലീസ് പോക്സോ വകുപ്പു പ്രകാരം നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിടിയിലായ പ്രതിയെ പൊന്നാനിയിലെത്തിച്ചു പോലീസ് ചോദ്യം ചെയതു വരികയാണ്. സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിൽ എഎസ്ഐമാരായ സുധീർ, സുഭാഷ്, എസ്സിപിഒമാരായ വർഗീസ്, സനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തെളിവെടുപ്പിനു ശേഷം പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.