ആലത്തൂർ: ഇരുപത്തേഴുകാരിയായ യുവതിയെ പീഡിപ്പിച്ച യുവാവിനെ ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. തരൂർ കുരുത്തിക്കോട് പൂവത്തിങ്കൽ ബാബുവിനെയാണ് (46) ആലത്തൂർ പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്ത് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.
കഴിഞ്ഞ മാർച്ച് പത്തിന് രാവിലെ 11-നാണ് വീട്ടിൽ അതിക്രമിച്ച് കയറി ഒറ്റയ്ക്കായിരുന്ന യുവതിയെ ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതി ലഭിച്ചത്. സംഭവത്തിൽ പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. പ്രതി കൃഷിസ്ഥലത്തിലേക്ക് പോകുന്പോൾ യുവതിയുടെ വീട്ടിൽ ആരുമില്ലെന്ന് ഉറപ്പിച്ചശേഷം അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവതി ഇതുവരെയും വീട്ടുകാരോടു പറഞ്ഞിരുന്നില്ല. വീണ്ടും ഭീഷണി തുടർന്നതോടെയാണ് വ്യാഴാഴ്ച പോലീസിന് പരാതി നല്കിയത്. വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ കുറച്ചുമാസങ്ങളായി നാട്ടിൽ കൃഷി നോക്കിനടത്തുകയായിരുന്നു. യുവതിയുടെ മൊഴി മജിസ്ട്രേട്ടിനുമുന്പിൽ രേഖപ്പെടുത്തി. സിഐ ബോബൻ മാത്യുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.