പയ്യന്നൂര്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്ന സൂചന നല്കി പോലീസ് നിയമോപദേശം തേടുന്നു.
പണംകൊടുത്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചവരേയും പോക്സോ വകുപ്പിലുള്പ്പെടുത്തി കേസില്‍ പ്രതിചേര്ക്കുന്നതിനേപറ്റി പഠിക്കാനാണ് നിയമോപദേശം തേടുന്നതെന്ന് കേസന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എം.പി.ആസാദ് പറഞ്ഞു.
അഭിഭാഷകനും മറ്റു രണ്ടുപേരും ചേര്‍ന്നാണ് പോലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്ന തങ്ങളെ വക്കീലാപ്പീസില്‍ കൂട്ടിക്കൊണ്ടുപോയി ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്ന് പരാതിക്കാരിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു.അഭിഭാഷകനെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
ഇദ്ദേഹത്തെ കൂടാതെ ഒത്തുതീര്‍പ്പിനായി വിളിച്ചുകൊണ്ടുപോയ രണ്ടുപേരേയും ഒത്തുതീര്‍പ്പിന് സമ്മതിച്ച ബാലികയുടെ മുത്തശിയേയും പ്രതിചേര്‍ക്കേണ്ടി വരുമെന്നാണ് പോലീസ് നല്കുന്ന സൂചന. ഇതേപറ്റി കൂടുതലായി മനസിലാക്കാനാണ് പോലീസ് നിയമോപദേശം തേടുന്നത്.
മുത്തശിയെ കൂട്ടിക്കൊണ്ടു പോയവരിലൊരാള്‍ പ്രധാന പ്രതിയായ പി.ടി.ബേബിരാജിന്റെ ബന്ധുവാണെന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്. ഇന്നലെ അറസ്റ്റിലായ ബേബിരാജിനെ കോടതി റിമാൻഡ് ചെയ്തിരുന്നു.