അടൂർ: ജോലി വാഗ്ദാനം ചെയ്ത് വിദേശത്തു കൊണ്ടു പോയി യുവതിയെ പീഡിപ്പിച്ച കേസിൽ അഞ്ച് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. എറണാകുളം, പള്ളുരുത്തി നാലു കുളത്തിങ്കൽ ബിജുമോനെ (നവാസ് – 48) യാണ് അടൂർ പോലീസ് നെടുമ്പാശേരിയിൽ നിന്നും അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശിനിയായ യുവതിയെ 2013 ഒക്ടോബറിൽ കുവൈറ്റിൽ വീട്ടുജോലിക്കായി കൊണ്ടുപോയി രണ്ടാഴ്ചഫ്ളാറ്റിൽ താമസിപ്പിച്ച് പീഡിപ്പിച്ച കേസിലാണ് ഇന്റർപോളിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതി കുവൈറ്റിൽ 18 വർഷമായി ജോലി ചെയ്തു വരികയായിരുന്നു. പെൺകുട്ടിയെ തിരുവല്ല കവിയൂരിലുള്ള ഭാരത് ട്രാവൽ ഏജൻസി വഴിയാണ് എത്തിച്ചത്. യുവതി വീട്ടുകാരെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് ഇവർക്ക് ട്രാവൽ ടിക്കറ്റ് നാട്ടിൽ നിന്ന് വീട്ടുകാർ അയച്ചു കൊടുത്താണ് നാട്ടിലേക്ക് മടക്കിയത്. കൂടാതെ ഇവരെ വിദേശത്ത് കൊണ്ടു പോയതിൽ നഷ്ടം സംഭവിച്ചെന്ന് പറഞ്ഞ് നിരന്തരം യുവതിയെ പ്രതി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നല്കുകയായിരുന്നു.
കേസിലെ മറ്റ് രണ്ട് പ്രതികളായ ട്രാവൽ ഏജൻസി ഉടമ കവിയൂർ ഞാലിക്കണ്ടം താഴത്ത് ഉപ്പൻ കരവീട്ടിൽ മുരളീധരൻ നായർ (60), പറന്തൽ പ്ലാവിളപ്പടി ഭാഗം പുല്ലുപറമ്പിൽ പുത്തൻവീട്ടി ൽ ജോളി സ്റ്റാൻലി (45) എന്നിവരെ 2014 മേയ് എട്ടിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഒരാൾ കൂടി ഇനി അറസ്റ്റിലാകാനുണ്ട്. വിദേശത്ത് കഴിഞ്ഞ ബിജുമോൻ ഇടയ്ക്ക് നാട്ടിൽ വന്ന് ഒളിവിൽ താമസിച്ചിരുന്നു.
ഇയാൾ വിദേശത്ത് തങ്ങിയതിനെ തുടർന്ന് ഇന്റർപോൾ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരുന്നു. ഇതോടെ തിങ്കൾ രാത്രി 12 ന് നെടുമ്പാശേരി എയർപോർ ട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുവച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എസ്ഐ ശ്രീകുമാർ, സിപിഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അടൂർ പോലിസ് സ്റ്റേഷനിൽ എത്തിച്ചു.