കോഴഞ്ചേരി: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാലുപ്രതികള്‍ അറസ്റ്റില്‍. ഇവരില്‍ മൂന്നുപേരെ റിമാന്‍ഡ് ചെയ്തു. നാലാമന് പെണ്‍കുട്ടിയുടെ സഹോദരനാണ്.
ഇയാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവൈനല്‍ ഹോമിലേക്ക് അയച്ചു. പിടിയിലാകാനുള്ള അഞ്ചാമന് പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണെന്ന് പറയുന്നു.
കുട്ടിയുടെ മൊഴി പ്രകാരം പീഡിപ്പിച്ചതായി പറയുന്ന ബസ് കണ്ടക്ടര്‍ അയിരൂര്‍ ഇടത്രാമണ്‍ മഹേഷ് ഭവനത്തില്‍ മഹേഷ് മോഹനന് (ഉണ്ണി – 32), ഇയാളുടെ സുഹൃത്ത് തടിയൂര്‍ കടയാര്‍ വെട്ടിത്തറ വീട്ടില്‍ ജിജോ ഈശോ ഏബ്രഹാം ( 26), അയിരൂര്‍ കോറ്റാത്തൂര്‍ തോപ്പാ മഴവഞ്ചേരി തയ്യില്‍ വീട്ടില്‍ റെജി ജേക്കബ് (49) എന്നിവരാണ് റിമാന്‍ഡിലായത്.
റാന്നി പെരുനാട് സ്വദേശി ഷിബുവിനെയാണ് പോലീസ് തെരയുന്നത്. ബസിലെ പരിചയം മുതലെടുത്ത് കണ്ടക്ടര്‍ മഹേഷും ഇയാളുടെ സുഹൃത്ത് ജിജോയും പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ റെജി ജേക്കബ് വീട്ടിലെ സൗഹൃദം മുതലെടുത്താണ് പീഡനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ സഹോദരനെതിരേയും ഗുരുതരമായ പീഡന ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ ചോദ്യം ചെയ്തശേഷം ജുവനൈല്‍ ഹോമിലേക്കു മാറ്റുകയാണുണ്ടായത്.
കോയിപ്രത്തെ വീട്ടില്‍ നിന്നു പന്തളത്തുള്ള സുരക്ഷിത കേന്ദ്രത്തില്‍ കഴിഞ്ഞുവന്ന പെണ്‍കുട്ടിയുടെ മൊഴി ചൈല്‍ഡ് ലൈന്‍ ആവശ്യപ്രകാരം പോലീസ് എടുത്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയയാക്കി. കോയിപ്രം എസ്എച്ച്ഒയും സംഘവുമാണ് കേസന്വേഷണം നടത്തുന്നത്.