തൃശൂർ: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട പട്ടികജാതിക്കാരിയായ യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്കു ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും 12 വർഷം കഠിനതടവും ശിക്ഷവിധിച്ച് കോടതി.
നോർത്ത് പറവൂർ പാലാത്തുരുത്ത് കളത്തിപ്പറന്പിൽ ചിഞ്ചു ഖാനെ(34)യാണ് തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ ശിക്ഷിച്ചത്. ബലാൽസംഗക്കേസിൽ പ്രതിക്കു ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത് അപൂർവമാണ്.
2011ലാണ് കേസിനാസ്പദമായ സംഭവം. മിസ്ഡ് കോൾ വഴി പരിചയപ്പെട്ട അംഗപരിമിതകൂടിയായ യുവതിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് കേസ്.
മൂന്നുവർഷത്തോളം വീട്ടിൽ ആരുമില്ലാത്ത സമയത്തു പ്രതി എത്തി ബലാൽസംഗം ചെയ്തു. തുടർന്നു യുവതി പ്രസവിക്കുകയും കുഞ്ഞ് ആറുമാസം പ്രായമുള്ളപ്പോൾ മരിക്കുകയും ചെയ്തിരുന്നു.
വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനു പുറമെ, യുവതിയിൽനിന്ന് 50,000 രൂപയും അരപവൻ വീതമുള്ള രണ്ടു ജോഡി സ്വർണക്കമ്മലുകളും കൈവശപ്പെടുത്തിയെന്നും പരാതിയുണ്ടായിരുന്നു.
ദരിദ്ര കുടുംബാംഗമായ യുവതി കൂലിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. പ്രതി യഥാർഥ പേരും വിലാസവും, താൻ വിവാഹിതനും കുട്ടികളുടെ പിതാവാണെന്നുമുള്ള വിവരവും മറച്ചുവച്ചാണ് യുവതിയുമായി അടുപ്പം സ്ഥാപിച്ചത്.
പ്രതി ചതിയും വിശ്വാസവഞ്ചനയും ചെയ്തുവെന്നു തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി കണ്ടെത്തുകയായിരുന്നു. പട്ടികവർഗക്കാർക്കെതിരായുള്ള അതിക്രമം തടയുന്ന നിയമപ്രകാരമാണ് ജീവപര്യന്തം ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായാണ് 12 വർഷം കഠിനതടവിനും 3,22,000 രൂപ പിഴയടയ്ക്കുന്നതിനും വിധിച്ചത്. പിഴത്തുക പ്രതിയിൽനിന്ന് ഈടാക്കി യുവതിക്കു നൽകും. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.
കേസിൽ പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ഡി. ബാബു ഹാജരായി.