കോട്ടയം: രണ്ടാനച്ഛന്റെയും അയൽവാസിയുടെയും ലൈംഗിക പീഡനം സഹിക്കവയ്യാതെ 15 കാരി വീടുവിട്ടു. കാണാതായെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോഴാണു പീഡനവിവരം പുറത്തായത്. പ്രതികൾ രണ്ടു പേരും അറിസ്റ്റിലായി. മുണ്ടക്കയം പോലീസാണു പ്രതികളെ ഇന്ന് അറസ്റ്റുചെയ്തത്.
ഒരാഴ്ച മുന്‍പാണു 15കാരിയെ കാണാനില്ലെന്നു കാണിച്ച് അമ്മ മുണ്ടക്കയം പോലീസിൽ പരാതി നൽകിയത്. പോലീസ് അന്വേഷണത്തിൽ പെണ്‍കുട്ടി പൂഞ്ഞാറിലുള്ള ബന്ധുവീട്ടിൽ ഉണ്ടെന്നു മനസിലാക്കി. പോലീസ് അവിടെയെത്തി പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുത്തു. അപ്പോഴാണു പീഡനവിവരം പുറത്തറിയുന്നത്.
രണ്ടാനച്ഛന്റെയും അയൽവാസിയായ യുവാവിന്റെയും ഉപദ്രവം സഹിക്കവയ്യാതെ വീടുവിട്ടതാണെന്നു പെണ്‍കുട്ടി മൊഴി നൽകി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി പീഡനവിവരം സ്ഥിരീകരിച്ചു. ഒളിവിലായിരുന്ന പ്രതികളെ ഇന്നു രാവിലെയാണു അറസ്റ്റു ചെയ്തത്. കാഞ്ഞിരപ്പള്ളി സിഐ സാജു ജോസ്, മുണ്ടക്കയം എസ്ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.