പറവൂർ: ഫേസ്ബുക്ക് വഴി പരിയപ്പെട്ട പതിനെട്ടുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശി ദീപക് യാദവിനെയാണ് (22) വടക്കേക്കര പോലീസ് അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്നു വിശ്വസിപ്പിച്ച പ്രതി ഇവരുടെ നഗ്നചിത്രങ്ങൾ കൈവശമാക്കി. പിന്നീട് കാസർഗോഡുനിന്നു പറവൂരിലെത്തിയ ദീപക്കും സുഹൃത്തും പെണ്‍കുട്ടിയുമായി അഴീക്കോട് ബീച്ച് സന്ദർശിച്ചു. ഇവിടെവച്ചു പെൺകുട്ടിക്ക് ഇവർ വാച്ച് സമ്മാനമായി നല്കി.
ഓണ്‍ലൈൻ വഴി ബുക്ക് ചെയ്ത എറണാകുളത്തെ ഹോട്ടലിൽ അടുത്തദിവസം പെൺകുട്ടിയുമായെത്തിയ യുവാവിനെ കണ്ടു ഹോട്ടൽ ഉടമയ്ക്കുണ്ടായ സംശയത്തെത്തുടർന്നു മുറി കൊടുത്തില്ല. തുടർന്നു രണ്ടു പേരും ബസിൽ കാസർഗോഡേയ്ക്കു പോയി. അവിടെയെത്തിയപ്പോൾ ദീപക്കിന്റെ വീട്ടുകാർ പെണ്‍കുട്ടിയെ കാസർഗോഡ് പോലീസിൽ ഏല്പിച്ചു.
പറവൂരിൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പെണ്‍കുട്ടി, ദീപക്കിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടു. ഈസമയം ദീപക് കോടതിയിൽ ഇല്ലാതിരുന്നതിനാൽ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു. പെണ്‍കുട്ടിയും വീട്ടുകാരും പിന്നീട് കാസർഗോഡ് പോലീസ് സ്റ്റേഷനിൽചെന്നശേഷം ദീപക്കിനെ വിളിപ്പിച്ചെങ്കിലും ഇയാൾ വന്നില്ല.
പിന്നീട് ദീപക്കിന്റെ വീട്ടുകാരെത്തി വിവാഹം നടത്താൻ സമ്മതമല്ലെന്ന് അറിയിച്ചു. വടക്കേക്കര പോലീസ് ദീപക്കിനെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.