കിഴക്കമ്പലം: സിനിമ തിരക്കഥ തയാറാക്കുന്നതിൽ സഹായിയായി ജോലി നല്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സംവിധായകൻ ചമഞ്ഞ യുവാവ് അറസ്റ്റിൽ. പൊന്നാനി ചിറക്കൽ ബിയ്യം സ്വദേശി സുഭാഷ് മന്ത്ര(35)യെയാണ് തടിയിട്ടപറമ്പ് എസ്ഐ പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
പെരുമ്പാവൂർ സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരം ഏപ്രിൽ അവസാനം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ പ്രതി ഇന്നലെ എറണാകുളത്തുനിന്ന് പിടിയിലാവുകയായിരുന്നു. പുക്കാട്ടുപടിയിലുള്ള ഫ്ലാറ്റിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
പല ന്യൂ ജനറേഷൻ സിനിമകളുടേയും അണിയറ പ്രവർത്തകനാണെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടികളെ വശീകരിച്ചിരുന്നത്. എന്നാൽ സ്വന്തമായി ഇതുവരെ ഒരു സിനിമയിലും ഇയാൾ ഭാഗഭാക്കായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
ചില സിനിമകളുടെ പേരിൽ ഫോട്ടോ ഷൂട്ടും മറ്റും നടത്തിയിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന പെൺകുട്ടികളുമായി സൗഹൃദം നടിച്ച് അടുത്തുകൂടുന്ന ഇയാൾ നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും പരാതിപ്പെട്ടിരുന്നില്ല.
എന്നാൽ പരാതിക്കാരിയായ യുവതി താൻ ചതിക്കപ്പെട്ടത് തുറന്നുകാട്ടി ഇയാൾക്കെതിരേ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. തുടർന്ന് വനിതാ കമ്മീഷൻ ഇടപെട്ട് യുവതിയോട് പരാതിയുമായി മുന്നോട്ടുപോകാൻ നിർദേശിക്കുകയായിരുന്നു. സിപിഒമാരായ സനൽ, സുബീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.