ശ്രീകണ്ഠപുരം: ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഡോ. പ്രശാന്ത് ജി. നായികിനെ റിമാൻഡ് ചെയ്ത് തോട്ടടയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയ്ക്കാണ് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിന് സമീപം എസ്എംസി ക്ലിനികിലെ ഡോക്ടറായ ബംഗളൂരു ആർടി നഗറിലെ പ്രശാന്ത്.ജി. നായികിനെ (46) ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ വർഷങ്ങളായി തളിപ്പറമ്പ് തൃച്ചംബരം എലത്താളം വയലിൽ വാടക വീട്ടിലാണ് താമസം.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ചെവിവേദനയെ തുടർന്ന് ക്ലിനിക്കിലെത്തിയ മലപ്പട്ടം സ്വദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി.
നേരത്തെ ശ്രീകണ്ഠപുരം ടൗണിൽ പയ്യാവൂർ റോഡിൽ ആശുപത്രി നടത്തിയിരുന്ന ഇയാൾ കാലാവധി കഴിഞ്ഞ മരുന്നുകൾ വിൽക്കുകയും ലൈസൻസില്ലാതെ ഫാർമസി നടത്തിയതിനും കണ്ണൂർ ഡ്രഗ്സ് കൺട്രോൾ അധികൃതർ റെയ്ഡ് നടത്തുകയും 25 ലക്ഷത്തോളം രൂപയുടെ മരുന്നുകൾ കണ്ടുകെട്ടി ആശുപത്രി അടപ്പിക്കുകയും ചെയ്തിരുന്നു.