കണ്ണൂർ: കഴിഞ്ഞദിവസം രാത്രിയിൽ കണ്ണൂരിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് ഒരു പെൺകുട്ടിയുടെ ഫോൺ കോൾ എത്തി. അച്ഛൻ അമ്മയെ തല്ലുന്നു സാറേ…
ഓടിവരണേ എന്നായിരുന്നു ഫോൺ കോൾ. ഉടൻ സ്റ്റേഷനിൽനിന്നു പോലീസ് ആ വീട്ടിലെത്തി. അച്ഛന്റെ ഉപദ്രവത്തിൽ അവശയായി കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന രണ്ട് പെൺകുട്ടികൾ. എന്തിനാണ് ഇത്ര ക്രൂരമായി ഭാര്യയെ ഭർത്താവ് മർദിച്ചതെന്ന് പോലീസ് അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
14 ഉം ഏഴും വയസുള്ള പെൺമക്കളെ ലൈംഗികമായി ചൂഷണം ചെയ്തത് ചോദ്യം ചെയ്തത് പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ ഭർത്താവ് ക്രൂരമായി മർദിക്കുകയായിരുന്നു. കണ്ണൂർ നഗരത്തിൽ രാത്രികാലങ്ങളിൽ ഓട്ടോ ഓടിക്കുന്നയാളാണ് 37 കാരനായ പ്രതി. “ചെറുപ്രായത്തിൽ പ്രണയിച്ച് വിവാഹം കഴിച്ചതാ സാറേ ഞങ്ങൾ രണ്ടും…
ആദ്യം എനിക്ക് ഒന്നും അറിയില്ലായിരുന്നു. സ്കൂളിൽ പോയി വീട്ടിലേക്ക് വരാൻ കുട്ടികൾക്ക് ഭയങ്കര പേടിയായിരുന്നു. അവരെ എടുത്ത് കൊഞ്ചിക്കുകയും മറ്റും ചെയ്യുമ്പോൾ ഒരിക്കലും സ്വന്തം മക്കളെ ലൈംഗികമായി ചൂഷണം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.
ഇളയമകൾക്ക് വെറും ഏഴുവയസ് മാത്രമാണ് പ്രായം. പേടിച്ചിട്ട് കുട്ടികൾ എന്നോട് പോലും ഒന്നും പറഞ്ഞില്ല. സഹികെട്ടാണ് കഴിഞ്ഞ ദിവസം മൂത്തമകൾ കരഞ്ഞുകൊണ്ട് ഇക്കാര്യം പറഞ്ഞത്.
ഇത് പുറത്ത് പറയും എന്ന് പറഞ്ഞതോടെ നിരന്തരം ഉപദ്രവിക്കുകയായിരുന്നെന്ന് കുട്ടികളുടെ മാതാവ് പോലീസിനോട് പറഞ്ഞു. ഇവരുടെ പരാതിപ്രകാരം പ്രതിക്കെതിരേ രണ്ട് പോക്സോ കേസ് പോലീസ് രജിസ്റ്റർ ചെയ്തു.