കൊല്ലം: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 12 വർഷം കഠിനതടവും പിഴയും ശിക്ഷ. അഞ്ചൽ അറയ്ക്കൽ തടിക്കാട് സ്വദേശി അബ്ദുൽ റഷിദി(50)നെയാണ് 12 വർഷം കഠിന തടവിനും അന്പതിനായിരം രൂപ പിഴയും ശിക്ഷിച്ച് കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി (പോക്സോ) ഇ.ബൈജു ഉത്തരവായത്.
2013 ഒക്ടോബർ 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൂടെ താമസിച്ചിരുന്ന പതിനഞ്ചുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കുകയും വിവരം പുറത്തുപറഞ്ഞാൽ മകളെയും ഭാര്യയേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
കുട്ടിയുടെ അവശത മനസിലാക്കിയ ക്ലാസ് ടീച്ചർ ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് അഞ്ചൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തേക്ക് 13 സാക്ഷികളേയും 13 രേഖകളും കോടതിയിൽ ഹാജരാക്കി.
പിഴ തുകയിൽ 40000 രൂപ ഇരയ്ക്ക് നൽകുകയും പ്രതി ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽമതിയെന്നും കോടതി നിർദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി കെ.പി ജബാർ, ജി.സുഹോത്രൻ, അന്പിളി ജബാർ എന്നിവർ കോടതിയിൽ ഹാജരായി.