പത്തനംതിട്ട: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയായ കുട്ടിയെ ഇമോഷണല്‍ മെയിലിംഗ് നടത്തിയാണ് തനിക്കൊപ്പം യുവാവ് കൊണ്ടുപോയത്. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതിയുണ്ടായത്.
ഫോണ്‍ സ്വിച്ച് ഓഫ്
പെണ്‍കുട്ടിയെ കാണാതായതിന് പത്തനംതിട്ട പോലീസ് അന്നുതന്നെ കേസെടുത്തിരുന്നു. കോഴിക്കോട് വളയനാട് മാങ്കാവ് കുമ്പണ്ടന്ന കെസി ഹൗസില്‍ ഫാസിലിനെയാണ് (26) അറസ്റ്റു ചെയ്തത്.
പത്തനംതിട്ടയ്ക്കു സമീപമുള്ള സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാണാതായതിന് കഴിഞ്ഞമാസം 28 ന് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടി താന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടയാള്ക്കൊപ്പമാണ് പോയിട്ടുള്ളതെന്നു തുടക്കത്തില്‍ തന്നെ പോലീസിനു വ്യക്തമായി.
നാടുവിടുമ്പോള്‍ ഇരുവരും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ചെന്നൈയിൽ
സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയും യുവാവും ചെന്നൈയില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ് ഇടപെട്ട് കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഇരുവരെയും കൂട്ടിക്കൊണ്ടുവന്നു.
വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അന്വേഷണത്തില്‍ ഇയാള്‍ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണെന്ന് കണ്ടെത്തി.
ഒപ്പം ചെന്നില്ലെങ്കില്‍
പെണ്‍കുട്ടിയുടെ വിശദമൊഴി രേഖപ്പെടുത്തിയപ്പോള്‍ ചെന്നൈയില്‍ ലോഡ്ജുകളിലും വീട്ടിലും വച്ച് പലതവണ യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി.
ഒപ്പം ചെന്നില്ലെങ്കില്‍ ബസിനു മുമ്പില്‍ ചാടി മരിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും ഇതേത്തുടര്‍ന്നാണ് നാടുവിട്ടതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. വിവാഹം ചെയ്തുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായത്രേ.
തുടര്‍ന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
റിമാൻഡിൽ
പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാര്‍ നേതൃത്വം നല്കിയ അന്വേഷണത്തില്‍, പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, എസ് ഐമാരായ അനൂപ് ചന്ദ്രന്, ജ്യോതി സുധാകര്‍, സി പി ഓമാരായ ഷെഫീഖ്, സുനി, എന്നിവരടങ്ങിയ സംഘമാണ് പെണ്‍കുട്ടിയെയും പ്രതിയെയും ചെന്നെയില്‍ നിന്നും കണ്ടെത്തിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി ഇന്ന് റിമാന്‍ഡ് ചെയ്തു. മകളെ കാണാതായതിന് മാതാവിന്റെ മൊഴി എസ്ഐ ആതിര പവിത്രന് രേഖപ്പെടുത്തിയിരുന്നു.