തൊടുപുഴ: മണക്കാട് പഞ്ചായത്തിൽ പീഡനത്തിന് ഇരയായ പത്തൊന്‍പതുകാരി അവശനിലയിൽ ആശുപത്രിയിൽ.ക്രൂര പീഡനത്തിനിരയായിട്ടാണ് ഇവർ അവശ നിലയിൽ ആശുപത്രിയിൽ കഴിയുന്നത്.
യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ ചെമ്മണ്ണാർ ശാന്തിനഗർ ആർകെവി എസ്റ്റേറ്റ് സ്വദേശി ഗണേശനെ (48) തൊടുപുഴ സിഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
വ്യാഴാഴ്ച രാത്രിയിൽ യുവതിയെ കാണാനില്ലെന്നു മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് യുവതിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫോണ്‍ നന്പർ ലഭിച്ചു.
ഇതിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് ഗണേശന്റെ വീട്ടിൽ നിന്നും അവശനിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.
മേസ്തിരിപ്പണി ചെയ്യുന്ന ഗണേശൻ ഏതാനും നാളുകളായി മണക്കാട് വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇതിനിടെ യുവതിയുമായി ഇയാൾ അടുപ്പത്തിലായി. ഏതാനും ദിവസം മുന്‍പ് യുവതിയെ പ്രലോഭിപ്പിച്ചു വാഹനത്തിൽ കയറ്റി മൂന്നാറിനു പോയി വൈകുന്നേരം മടങ്ങിയെത്തിയിരുന്നു.
ഇതിനു ശേഷം കഴിഞ്ഞ വ്യാഴാഴ്ച താമസ സ്ഥലത്തേക്ക് എത്തണമെന്നു പ്രതി ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി എത്തിയില്ല. ഇതോടെ മൂന്നാർ യാത്രയുടെ വിവരങ്ങൾ വീട്ടിലറിയിക്കുമെന്നു പറഞ്ഞ് ഇയാൾ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.
ഇതിൽ ഭയന്ന യുവതി രാത്രിയിൽ പ്രതിയുടെ താമസ സ്ഥലത്തെത്തി. തുടർന്നാണ് ഇയാൾ ഇവരെ പീഡിപ്പിച്ചത്. പോലീസ് എത്തിയപ്പോൾ കുളിമുറിയിൽ അവശ നിലയിലായിരുന്നു യുവതി.
ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ പീഡനം നടന്നതായി തെളിഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗണേശനെ അറസ്റ്റ് ചെയ്യുകയായിരുന്നു.