ഇരിങ്ങാലക്കുട: 80 വയസുള്ള മാനസികരോഗിയായ വൃദ്ധയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ പത്തുവർഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയടക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ജോമോൻ ജോണ് ശിക്ഷ വിധിച്ചു. കോടശേരി വില്ലേജ് നായരങ്ങാടി കുറ്റിക്കാടൻ ജോജു (35) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
2013 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ബന്ധുവും മാനസികരോഗിയുമായ വൃദ്ധയെ വീട്ടിൽ ആരുമില്ലാത്ത അവസരത്തിൽ പ്രതി പീഡിപ്പിക്കുകയായിരുന്നു. വൃദ്ധയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ദൃക്സാക്ഷികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. പ്രതിയെ പിഴയടക്കാത്ത പക്ഷം ഒരുവർഷം കഠിന തടവ് അനുഭവിക്കണം. ചാലക്കുടി എസ്ഐ വി.ടി. ഷാജൻ ആണ് കേസ് അന്വേഷിച്ചത്.