അരീക്കോട്: വീട്ടമ്മയെ ബലാത്സംഗം ചെയ്തു കവർച്ച നടത്തിയ സംഭവത്തിൽ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുന്പ് അരീക്കോട് നടന്ന കേസിലാണ് വടകര മയ്യന്നൂർ പനന്പത്ത് ഇസ്മായിൽ (27), മയ്യന്നൂർ തട്ടാരത്തിമീറ്റൽ ഷാനവാസ് (35) എന്നിവര്െ മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ഏഴിനാണ് സംഭവം.
മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെ വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നു അകത്തു കടന്ന മോഷ്ടാക്കൾ കുഞ്ഞുമായി ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ കടന്നാക്രമിക്കുകയായിരുന്നു. കത്തിക്കാട്ടി യുവതിയെ ഭീഷണിപ്പെടുത്തി വിവസ്ത്രയാക്കി മൊബൈലിൽ ഫോട്ടോയെടുത്തു.
പിന്നീട് ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യുകയും ആഭരണങ്ങളും പാസ്പോർട്ടും ഫോണും മറ്റു രേഖകളും കവർച്ച ചെയ്ത് രക്ഷപ്പെടുകയായിരുന്നു. പിന്നീട് യുവതിയെ ഫോണിൽ വിളിച്ചു രണ്ടു ലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ നഗ്്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി.
തുടർന്നു യുവതി മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്്റക്ക് പരാതി നൽകിയതിനെ തുടർന്നു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു അന്വേഷണം നടത്തുകയായിരുന്നു. മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മുക്കത്ത് വച്ചാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
കവർച്ചയ്ക്കായി ബൈക്കിൽ എത്തിയ യുവാക്കളുടെ ദൃശ്യങ്ങൾ യുവതിയുടെ വീടിനോടു ചേർന്നുള്ള സിസി ടിവി കാമറയിൽ പതിഞ്ഞിരുന്നു. ഇതും കേസ് അന്വേഷണത്തിനു പോലീസിനു സഹായകമായി. അറസ്റ്റിലായ ഇസ്മായിൽ പലയിടത്ത് നിന്നായി വിവാഹം ചെയ്ത കേസും നിലവിലുണ്ട്.
മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിൽ മഞ്ചേരി സിഐ എം.വി ഷൈജു, അരീക്കോട് എസ്ഐ കെ. സിനോദ്, സിപിഒ ജിഗീഷ്, രാജരത്നം, ശശി കുണ്ടറക്കാട്, സജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ തന്ത്രപരമായി പിടികൂടി അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതികളെ ഇന്നു രാവിലെ മഞ്ചേരി കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.