തൃശൂർ: ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് അഞ്ചുവർഷം കഠിനതടവ്. ഒല്ലൂർ സ്വദേശി കാക്കനാട്ട് വീട്ടിൽ രാമചന്ദ്രനെ(55)യാണ് അഞ്ചുവർഷം കഠിനതടവിനും 25,000 പിഴയ്ക്കും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
ഇരയ്ക്ക് ആനുപാതികമായ വിക്ടിം കോന്പൻസേഷൻ അനുവദിക്കാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. 2014 ജൂണ്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന കുട്ടിയെ പ്രതി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. മെഡിക്കൽ പരിശോധനയിൽ കുട്ടി ലൈഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.
കുട്ടിയുടെ രഹസ്യമൊഴി അന്നത്തെ ചാലക്കുടി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. വിചാരണസമയത്ത് മജിസ്ട്രേറ്റ്, കോടതിയിലെത്തി മൊഴി നൽകുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളുടെയും മറ്റു സാക്ഷിമൊഴികളുടെയും ബലത്തിൽ പ്രോസിക്യൂഷനു കേസ് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞതായും സംഭവം ഞെട്ടലുളവാക്കുന്നതായും കോടതി നിരീക്ഷിച്ചു.