ശ്രീകണ്ഠപുരം: ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഫോട്ടോഗ്രഫർ അറസ്റ്റിൽ. മണിപ്പാറയിലെ ജയിംസിനെ (50) യാണ് പയ്യാവൂർ എസ്ഐ ജോൺസനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് വർഷത്തോളമായി ഇയാൾ കൊട്ടൂർവയലിൽ വാടക വീട്ടിലാണ് താമസം.
ഞായറാഴ്ച വൈകുന്നേരം തളിപ്പറമ്പ്-ശ്രീകണ്ഠപുരം-പയ്യാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന താജ് ബസിൽ വച്ചായിരുന്നു സംഭവം. അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന 12 വയസുകാരനെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ഇയാളോടൊപ്പം സീറ്റിലിരുന്ന വിദ്യാർഥിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു.
വിദ്യാർഥി ബഹളമുണ്ടാക്കിയതോടെ യാത്രക്കാർ ഇടപെടുകയും ഇയാളെ പോലീസിലേൽപ്പിക്കുകയുമായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.