തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ പീഡനശ്രമം, 61 കാരൻഅറസ്റ്റിൽ. തിരുവല്ല കിഴക്കുമുറിയിൽ ചോതിയിൽ വിജയനെയാണ് തിരുവല്ല പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 15ന് രാവിലെ എട്ടോടെ ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന 12 വയസുകാരിയായ പെൺകുട്ടിയോട് അശ്ലീല ചുവയുള്ള ഭാഷയിൽ സംസാരിക്കുകയും ശരീരത്ത് സ്പർശിക്കുകയും ചെയ്തെന്നാണ് കേസ്. ഭയന്നോടിയ പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
ഇന്നലെ വീടിനു സമീപത്തു വച്ച് ഇയാളെ യാദൃച്ഛികമായി കണ്ട പെൺകുട്ടി വീട്ടിൽ വിവരമറിയിച്ചതിനേത്തുടർന്നു പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ പോസ്കോ നിയമപ്രകാരം കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ വിജയനെ റിമാൻഡു ചെയ്തു.