കോട്ടയം: വ്യാജ പേരിൽ കർണാടകയിൽ എട്ടുവർഷം വിലസിയ പീഡനക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത് വേഷം മാറിയുള്ള അന്വേഷണത്തിൽ. പൂവന്തുരുത്ത് സ്വദേശി കക്കാകളത്തിൽ ജോമോൻ ജോസഫി (35)നെയാണ് പിടികൂടിയത്. വർഷങ്ങളായി കർണാടകത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്ത് ഹോട്ടൽ ജോലിക്കാരനായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
മൂകാംബികയിൽ വീടും റബർ എസ്റ്റേറ്റുമുള്ള കറുകച്ചാൽ സ്വദേശിയുമായി പ്രതി ഇടയ്ക്ക് ബന്ധപ്പെടുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് സംഘം കൊല്ലൂരിലേക്ക് പോയത്. കൊല്ലൂരിലെ വിവിധ ഹോട്ടലുകളിൽ മലയാളി ഭക്ഷണം ഒരുക്കുന്നതിൽ വിരുതനായിരുന്നു പ്രതി. ജയകുമാർ എന്ന പേരിലാണ് അവിടെ അറിയപ്പെടുന്നത്. വേഷം മാറിയ പോലീസ് അവിടെയുള്ള ഒരു ഡ്രൈവറെ വശത്താക്കി അയാൾ മുഖേനയാണ് പ്രതി താമസിക്കുന്ന ചേരിയിൽ എത്തിയത്.
അനധികൃത മദ്യവിൽപ്പനയ്ക്ക് പേരുകേട്ട ചേരിയിൽ മദ്യം കഴിക്കാനെന്ന വ്യാജേന എത്തിയ പോലീസ് ഹോട്ടലിൽ മലയാളി ഭക്ഷണം തയാറാക്കാനുള്ള ആളെക്കുറിച്ച് അന്വേഷിച്ചാണ് പ്രതി താമസിക്കുന്ന വീട്ടിൽ എത്തിയത്. ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിൽനിന്ന് പോലീസ് ജോമോൻ ജോസഫിനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരികയായിരുന്നു.
2009 മുതൽ 2011 വരെയുള്ള കാലയളവിൽ 39 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് കേസ്. 10,000 രൂപയും ഒന്നര പവന്റെ സ്വർണ മാലയും ഇയാൾ യുവതിയിൽ നിന്നും തട്ടിയെടുത്തു. ഹൈക്കോടതിയിൽനിന്ന് ജാമ്യമെടുത്തശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു.
ഹോട്ടൽ മാനേജ്മെന്റ് പഠിച്ച പ്രതി കറുകച്ചാൽ സ്വദേശിയും കർണാടക കൊല്ലൂർ സ്ഥിരതാമസക്കാരനുമായ സുഹൃത്തിന്റെ സഹായത്തോടെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനു സമീപമുള്ള വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തു ഒളിവിൽ താമസിക്കുകയായിരുന്നു.
കർണാടക സ്വദേശികളായ ആളുകളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് പ്രതി സിം കാർഡുകൾ തരപ്പെടുത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കോട്ടയം ഈസ്റ്റ് സിഐ ടി.ആർ. ജിജു, എസ്ഐ മഹേഷ് കുമാർ, എഎസ്ഐ കെ.ജി. അനീഷ്, സൈബർ ഉദ്യോഗസ്ഥനായ ശരവണ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എൻ. മനോജ്, ബിജു പി. നായർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.