കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴു വർഷം കഠിനതടവും 45,000 രൂപ പിഴയും. കാഞ്ഞിരപ്പള്ളി സ്വദേശി ജോസഫി (തങ്കച്ചൻ- 54) നെയാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (പോക്സോ കോടതി) ജഡ്ജി ജി. ഗോപകുമാർ ശിക്ഷിച്ചത്. പോക്സോ ആക്ട് ഒന്‍പത് എം വകുപ്പു പ്രകാരം അഞ്ചു വർഷം കഠിന തടവും, 25,000രൂപ പിഴയും, ഇന്ത്യൻ പീനൽക്കോഡിലെ 354-ാം വകുപ്പ് പ്രകാരം രണ്ടു വർഷം കഠിന തടവും 20,000രൂപ പിഴയും അടയ്ക്കണം.
ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ അഞ്ചു വർഷം തടവിൽ കഴിഞ്ഞാൽ മതിയാവും. പിഴ അടച്ചില്ലെങ്കിൽ രണ്ടു വകുപ്പിലുമായി മൂന്നു മാസം കൂടി തടവ് അനുഭവിക്കണം. പിഴത്തുകയിൽനിന്നും ഈടാക്കുന്ന 25,000രൂപ ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു.
2013 ഒക്ടോബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ ജോസഫിന്റെ മകളുടെ വിവാഹം ക്ഷണിക്കുന്നതിനായാണ് ഇയാൾ ഇരയാക്കപ്പെട്ട കുട്ടിയുടെ വീട്ടിൽ എത്തിയത്. ഈ സമയം കുട്ടിയുടെ മാതാപിതാക്കൾ വീട് വൃത്തിയാക്കുന്ന ജോലിയിലായിരുന്നു.
ഇരയാക്കപ്പെട്ട പെണ്‍കുട്ടിയാകട്ടെ ഇവരുടെ വീടിന്റെ മുന്നിലുള്ള കടയിലുമായിരുന്നു. ഈ സമയം കടയിൽ കയറിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം കണ്ടു വന്ന പെണ്‍കുട്ടിയുടെ മാതാവാണു കേസിലെ സാക്ഷി. തുടർന്ന് മാതാവിന്റെയും പിതാവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.