അടൂർ: അടൂരിലെ വാടകവീട്ടിൽ 12കാരിയെ ഒരു വർഷം മുന്‍പ് പീഡിപ്പിക്കുകയും അവളുടെ സഹോദരനെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ ബന്ധു അറസ്റ്റിൽ. പന്നിവിഴ ആനന്ദപ്പള്ളി സ്രാന്പിക്കൽ വീട്ടിൽ സ്റ്റെജിൻ ബാബു (19)വിനെയാണ്അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
മാതൃവീടിനുസമീപം വാടകവീട്ടിൽ താമസിക്കുന്പോഴാണ് 2016 ഒക്ടോബറിലും അതിനു മുന്‍പ് ഈസ്റ്റർ സമയത്തും അശ്ലീല ചിത്രങ്ങൾ കാണിച്ചു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും സഹോദരനെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയത്. വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പെണ്‍കുട്ടിയും കുടുംബവും ഇപ്പോൾ കോഴിക്കോട്ടാണ് താമസം. കേസിലെ വാദിയുടെയും എതിർകക്ഷിയുടെയും കുടുംബങ്ങൾ തമ്മിൽ വസ്തുതർക്കമുണ്ടായിരുന്നതായി പറയുന്നു. ബന്ധുക്കൾ ഏപ്രിൽ 28ന് കോഴിക്കോട് താമരശേരി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അവിടെ കേസെടുക്കുകയും സംഭവം നടന്നത് അടൂരിൽ ആയതിനാൽ മേയ് അഞ്ചിന് അടൂർ സിഐക്കു കേസ് കൈമാറുകയുമായിരുന്നു.
കേസിൽ പ്രതിയായ സ്റ്റെജിന്റെ പിതാവ് വിദേശത്താണ്്. മംഗലാപുരത്ത് ഫിസിയോ തെറാപ്പി കോഴ്സിനു പഠിക്കുന്ന സ്റ്റെജിനെ തിരക്കി മംഗലാപുരത്തും ഇരകളുടെ മൊഴിയെടുക്കുന്നതിന് കോഴിക്കോടും അടൂർ പോലീസ് എത്തുകയും ഇരകളെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
മേയ് 11ന് മംഗലാപുരത്തു നിന്ന് നാട്ടിലേക്കു തിരിച്ചുവെന്നു പറയുന്ന സ്റ്റെജിനെക്കുറിച്ചു പിന്നീട് വിവരമില്ലായിരുന്നു. അയാളുടെ രണ്ട് മൊബൈൽ ഫോണും സ്വിച്ച്ഓഫ് ആയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം തൃശൂരിൽ നിന്ന് തിരുവനന്തപുരത്തിന് ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിൽ സ്റ്റെജിൻ കയറിയതായി അടൂർ ഡിവൈഎസ്പി ആർ. ജോസിന് രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്ന് ആലപ്പുഴ സ്റ്റേഷനിൽ കാത്തു നിന്നിരുന്ന സിഐയുടെ നേത്വത്തിലുള്ള സംഘം അയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
പോക്സോ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട്, ഇൻഡ്യൻ ശിക്ഷനിയമം പ്രകാരവുമാണ് കേസെടുത്തത്. ഡിവൈഎസപി, സിഐ എന്നിവരെ കൂടാതെ എസ്ഐ ലീലാമ്മ, എഎസ്ഐ മാരായ രതീഷ്, സജീവ്, എസ്സിപിഒ ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.