കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്കി പീഡിപ്പിപ്പിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. മുന്‍ ഹോര്‍ട്ടികോർപ്പ് എംഡി ആയിരുന്ന ശിവപ്രസാദ് (75) ആണ് ഇന്ന് രാവിലെ എറണാകുളം സൗത്ത് എസിപി ഓഫീസിലെത്തി കീഴടങ്ങിയത്.
27 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. പോലീസില്‍ കീഴടങ്ങിയ ഉടന്‍ ദേഹാസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ പോലീസ് നിരീക്ഷണത്തില്‍ ഇയാള്‍ ചികിത്സയിലാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും.
വീട്ടുജോലിക്കുനിന്ന 22 കാരിയെ ശീതള പാനീയത്തില്‍ മദ്യം നല്കി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിനു ശേഷം അവശനിലയിലായ പെണ്‍കുട്ടി മറ്റൊരു ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അതിനുശേഷം പ്രതിയും കുടുംബവും ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ പോലീസ് നടപടികള്‍ വൈകുന്നുവെന്ന് പരാതി ഉയർന്നിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയുണ്ടായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
ഹോര്‍ട്ടികോര്‍പ്പ്, ഫിഷറീസ്, പ്ലാന്റേഷന് കോര്പ്പറേഷന് എംഡി അടക്കം നിരവധി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ് ശിവപ്രസാദ്. അയല്‍ സംസ്ഥാനങ്ങളിലടക്കം പ്രതിക്കായി പോലീസ് തെരച്ചില്‍ നടത്തിയിരുന്നു.
കേസില്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. മരട് പോലീസിനോട് ദേശീയ പട്ടികവര്‍ഗ കമ്മീഷന് റിപ്പോര്‍ട്ട് തേടിയിരുന്നു. ഏഴ് ദിവസത്തിനകം കൊച്ചി പോലീസ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പട്ടികവര്‍ഗ കമ്മീഷന്റെ നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് പ്രതിയുടെ കീഴടങ്ങല്‍.