പത്തനംതിട്ട: പിതാവ് ഉപേക്ഷിച്ചതിനേ തുടർന്ന് അനാഥയും നാലുവയസുള്ളതുമായ പെൺകുഞ്ഞ് ബന്ധുവീട്ടിൽ താമസിച്ചുവരവേ പീഡിപ്പിച്ച കേസിൽ 50 കാരന് പത്തുവർഷം കഠിനതടവും പിഴയും ശിക്ഷിച്ചു. 25,000 രൂപയാണ് പിഴ. പിഴ അടയ്ക്കാത്തപക്ഷം ആറുമാസത്തെ കഠിന തടവു കൂടി അനുഭവിക്കണം.
അരുവാപ്പുലം കൊക്കാത്തോട് കാട്ടാത്തിപ്പാറ ഗിരിജൻ കോളനിയിൽ കുമാരനെ (50)യാണ് പത്തനംതിട്ട പോക്സോ സ്പെഷൽ കോടതി ജഡ്ജി എൻ. ഹരികുമാർ ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാവ് ജോലിക്കുപോയതിനേ തുടർന്ന് പെൺകുട്ടിയെയും സഹോദരനെയും ഒരു ബന്ധുവാണ് സംരക്ഷിച്ചുപോന്നിരുന്നത്.
കുമാരന്റെ സ്വന്തം വീട്ടിലെത്തിച്ചാണ് കുഞ്ഞിനെ പീഡിപ്പിച്ചത്. സംഭവം സംബന്ധിച്ച് പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് കുട്ടിയുടെ മൊഴി തിരുവല്ല മജിസ്ട്രേറ്റ് രേഖപ്പെടുത്തുകയായിരുന്നു.
കോന്നി എസ്ഐ ആയിരുന്ന രാജഗോപാൽ കേസ് രജിസ്റ്റർ ചെയ്തു. വൈദ്യപരിശോധനയിലും കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടർ കോടതിയിൽ മൊഴി നൽകി.
പിഴയായി അടയ്ക്കുന്ന തുക പെൺകുട്ടിക്ക് നൽകുന്നതിനാണ് ഉത്തരവ്. കൂടാതെ പിതാവ് ഉപേക്ഷിച്ച പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലാത്തതിനാലും മാതാവ് വീട്ടുജോലിക്കു പോകുന്ന സാഹചര്യം കണക്കിലെടുത്തും പെൺകുഞ്ഞിന്റെ പുനരധിവാസത്തിനും മറ്റുമായി മതിയായ നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഹൻസലാഹ് മുഹമ്മദ് കോടതിയിൽ ഹാജരായി.