പത്തനംതിട്ട: ഫേസ്ബുക്ക് മുഖേന പരിചയപ്പെട്ട് പ്രണയം നടിച്ചു വശീകരിച്ച്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലുമാസം റിമാന്‍ഡിലായിരുന്ന യുവാവ് വീണ്ടും അതേ കുറ്റകൃത്യത്തിന് അറസ്റ്റിലായി.
കായംകുളം കാര്‍ത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ ലാലുകൃഷ്ണനാ(കണ്ണന്, 23)ണ് പന്തളം പോലീസിന്റെ പിടിയിലായത്.
പതിനേഴുകാരിയെയാണ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് നിരന്തരം വിളിക്കുകയും വശീകരിച്ച് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം, വീട്ടില്‍ നിന്നു കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തത്.
കഴിഞ്ഞ 11നു രാവിലെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു കാണാതായത്. മാതാവ് പന്തളം പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതുപ്രകാരം പോലീസ് കേസെടുത്ത് എസ്ഐ സുരേന്ദ്രന് പിള്ളയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.
ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
ഒരു നമ്പറില്‍ നിന്നു തുടരെ പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് സംഘം, ആ നമ്പറിലുള്ള സിം കാര്‍ഡിന്റെ വിലാസം മനസിലാക്കി ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
വിവാഹവാഗ്ദാനം നല്കി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.മുമ്പ് ഇയാള്‍ സമാനമായ രീതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ പ്രതിയായി ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്.
പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.