മതിലകം: 12 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 85 കാരനായ പ്രതിക്കു കോടതി അഞ്ചുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
മതിലകം മുള്ളൻബസാർ പന്തളത്ത് ചെറുങ്ങോരനെയാണു തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പോക്സോ വകുപ്പു പ്രകാരം ശിക്ഷിച്ചത്.
പിഴയടയ്ക്കാത്തപക്ഷം മൂന്നു മാസം കൂടുതൽ തടവ് അനുഭവിക്കണം. 2014 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം.
കുഞ്ഞിന്റെ അമ്മയും സഹോദരിമാരും ചികിത്സ തേടുന്നതിനാൽ ഇവർക്കു കോടതിയിൽ എത്തി മൊഴി കൊടുക്കാൻ സാധിച്ചിരുന്നില്ല.
ഇരയായ കുട്ടിയുടെ മൊഴിയുടെയും ഡോക്ടറുടെ തെളിവിന്റെയും അടിസ്ഥാനത്തിലാണു പ്രോസിക്യൂഷൻ കേസ് അവതരിപ്പിച്ചത്.
ഇരയായ കുട്ടിയുടെ ദാരുണാവസ്ഥ മുതലെടുത്ത പ്രതി വയസിന്റെ യാതൊരു ആനുകൂല്യവും അർഹിക്കുന്നില്ലെന്നു പോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു കോടതിയിൽ വാദിച്ചത് അംഗീകരിച്ചാണു വിധി പ്രസ്താവിച്ചത്.