നാദാപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിൽ പോലീസ് അന്വേഷണം മൊബൈൽ ഫോൺ കേന്ദ്രീകരിച്ച്. പീഡനത്തിന് പ്രേരിപ്പിച്ച പെൺകുട്ടിയുടെ മാതാവിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. രണ്ട് വർഷത്തിനിടയിൽ ഇവരുടെ ഫോണിലേക്ക് വന്നതും പോയതുമായ നമ്പറുകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
ഫോൺ വിളികളുടെ വിവരങ്ങൾ ലഭിക്കാൻ വളയം പോലീസ് സൈബർ സെല്ലിന്റെ സഹായം തേടി. ഇതിനിടെ പീഡനത്തിന് പിന്നിൽ മയക്ക് മരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ച് നിർണ്ണായകമായ വിവരങ്ങൾ പോലീസിന് ലഭിച്ചു. മേഖലയിൽ മയക്ക് മരുന്ന് കേസിൽ ഉൾപ്പെട്ട ഒരു യുവാവ് പെൺകുട്ടിയെയും കൊണ്ട് ആഡംബര വാഹനങ്ങളിൽ കറങ്ങിയതായും, വാഹനം തിരിച്ചറിഞ്ഞതായും ഉള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
നാദാപുരത്ത് റജിസ്റ്റർ ചെയ്ത കേസ് വളയത്തേക്ക് കൈമാറി. കഴിഞ ദിവസമാണ് പെൺകുട്ടിയുടെ പിതാവിന്റെ ബന്ധുക്കൾ നാദാപുരം പോലീസിൽ പരാതി നൽകിയത്.പെൺകുട്ടിയുമായി യുവതി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ നാദാപുരം പോലീസ് നടത്തിയ ശ്രമമാണ് യുവതിയെ കസ്റ്റഡിയിലാക്കാൻ സഹായിച്ചത്.പരാതി ലഭിച്ച ഉടൻ തന്നെ കേസ് റജിസ്റ്റർ ചെയ്ത് പെൺകുട്ടിയെ കണ്ടെത്തി മൊഴിയെടുത്തതോടെയാണ് യുവതിയുടെ പങ്ക് വ്യക്തമായതും അറസ്റ്റിലേക്കെത്തിച്ചതും.
പെൺകുട്ടിയെ പലരും വാഹനങ്ങളിലെത്തി കൂട്ടി ക്കൊണ്ട് പോയത് വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായതിനാൽ നാദാപുരം പോലീസ് കേസ് വളയത്തേക്ക് കൈമാറി. വളയം പൊലീസ് പ്രഥമവിവരം ശേഖരിച്ച ശേഷം പുതിയ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വളയം പോലീസ് കേസ് സംബന്ധിച്ച വിവരങ്ങൾ പോസ്കോ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിക്കും സമർപ്പിച്ചിട്ടുണ്ട്.
വളയം സ്റ്റേഷൻ പരിധിയിൽ നിന്നും കുട്ടിയെ കടത്തിക്കൊണ്ട് പോയി മലപ്പുറം ജില്ലയിൽ വെച്ചാണ് പീഢനം നടന്നത് എന്ന് മനസ്സിലായതോടെ കേസ് വിവരങ്ങൾ മലപ്പുറം ജില്ലാ പോലീസിനും കൈമാറിയിട്ടുണ്ട്.കൊണ്ടോട്ടി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. കേസ് സംബന്ധിച്ച വിവരങ്ങൾ വളയം പോലിസ് കൊണ്ടോട്ടി പോലീസിന് കൈമാറി.
അതിനിടെ മാതാവ് താമസിച്ച വീട്ടിൽ നിരവധി ആഢംബര വാഹനങ്ങളിലെത്തിയാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.സമൂഹത്തിലെ ഉന്നത ബന്ധങ്ങളുള്ള നിരവധി പ്രമുഖർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന നിർണ്ണായക വിവരങ്ങളും പോലീസിന്റെ പക്കലുണ്ട്.പോലീസ് സജീവമായ അന്വേഷണം ആരംഭിച്ചതിനാൽ പ്രതികളെ ഉടൻ വലയിലാക്കാൻ കഴിയുമെന്നാണ് സൂചന.്