കഞ്ചാവ് കേസിൽ അകത്തായ യുവാവിനെ ജാമ്യത്തിലിറക്കുന്നതിന് സഹായം ചെയ്യാമെന്നു പറഞ്ഞ് വീട്ടിൽ കയറിപ്പറ്റിയ സുഹൃത്ത് രണ്ടു പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതായി പരാതി. പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയിൽ ഈരാറ്റുപേട്ട വഞ്ചാങ്കൽ സ്വദേശി നവാസിനെ (33) ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തതായി ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ പറഞ്ഞു.
അമ്മയും മക്കളും ഇന്നലെ ജില്ലാ പോലീസ് ചീഫ് ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്. തുടർന്ന് പാലാ ഡിവൈഎസ്പിക്ക് പരാതി കൈമാറി. എസ്പി ഹരിശങ്കർ, പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫ് എന്നിവരുടെ നിർദേശ പ്രകാരം ഈരാറ്റുപേട്ട എസ്ഐ സുധീർ ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും.
അമ്മയും രണ്ടു പെണ്മക്കളും രോഗിയായി കിടക്കുന്ന പിതാവും അടങ്ങിയ കുടുംബത്തിലെ യുവാവ് ആണ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടത്. റിമാൻഡിലായ യുവാവിനെ ജാമ്യത്തിൽ ഇറക്കുന്നതിന് വേണ്ടതായ സഹായം ചെയ്യാമെന്നു പറഞ്ഞാണ് പ്രതി ഇവരുടെ വീട്ടിൽ കയറിപ്പറ്റിയത്.
ജീവിക്കാൻ മറ്റു നിവൃത്തിയൊന്നുമില്ലാതിരുന്ന കുടുംബത്തിന് സാന്പത്തിക സഹായം നല്കി പ്രീതി സന്പാദിച്ച ശേഷമായിരുന്നു പീഡനം. പലപ്പോഴായി 21 വയസുള്ള യുവതിയെ പീഡിപ്പിച്ചെന്നും യുവതിയുടെ നഗ്നഫോട്ടോകാണിച്ച് 14 വയസുള്ള ഇളയ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്.