ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ബംഗളൂരുവിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ രണ്ടാം പ്രതിയായ സീനിയർ സിവിൽ പോലീസ് ഓഫീസർ നെൽസണ്‍ തോമസിനെയാണ് അന്വേഷണ സംഘം ആലപ്പുഴ പോക്സോ കോടതിയിൽ ഹാജരാക്കുക.
പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം പുറത്തുവന്നതിനുശേഷം ഒളിവിൽ പോയ ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ പുന്നപ്ര സ്വദേശി ആതിര പിടിയിലായ ദിവസമാണ് ഇയാൾ ഒളിവിൽ പോയത്. നെൽസണ്‍ ബംഗളൂരുവിലുണ്ടെ ന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മറ്റൊരു കേസിന്റെ അന്വേഷണത്തിനായി ബംഗളൂരുവിലുണ്ടായിരുന്ന ആലപ്പുഴയിലെ പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ആലപ്പുഴയിലെത്തിച്ച നെൽസണെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നേരത്തെ സമാനമായ കേസുകളിലുൾപ്പെട്ടിട്ടുള്ളയാളാണ് ഇയാൾ. ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ആതിരയെയും നെൽസണെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മൊബൈൽ ഫോണ്‍ വിളികൾ സംബന്ധിച്ച വിവരങ്ങൾ, വാട്സ് ആപ്പ് മെസേജുകൾ തുടങ്ങിയവയും പോലീസ് അന്വേഷണ ഭാഗമായി ശേഖരിച്ചിട്ടുണ്ട്.
കൂടുതൽ പേരിലേക്ക് അന്വേഷണമെത്തുമെന്നാണ് നിലവിലെ വിലയിരുത്തൽ.പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് തടയുകയും വിവരം പുറത്തുകൊണ്ടുവരുന്നതിന് ഇടയാക്കുകയും ചെയ്തത് നാട്ടുകാരായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും നഗരസഭാ കൗണ്സലറിൽ നിന്നും മൊഴികൾ ശേഖരിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
പീഡനം നടന്നതായി പറയുന്ന സ്ഥലങ്ങളിൽ പ്രതികളുമായി തെളിവെടുപ്പ് നടത്താനുളള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. പോലീസിലെ തന്നെ ഉയർന്ന ഉദ്യോഗസ്ഥരടക്കം സംഭവത്തിൽ ആരോപണ വിധേയരായ സാഹചര്യത്തിൽ ഐജിയുടെ നേതൃത്വത്തിലുള്ള സംഘത്തെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന ആവശ്യം ഇതിനോടകം വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.
കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കണമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാർ ആവശ്യപ്പെട്ടു.