കളമശേരി: ഒഡീഷ പെൺകുട്ടിയെ വീട്ടുതടങ്കലിലാക്കി ജോലി ചെയ്യിക്കുകയും രക്ഷപ്പെടാതിരിക്കാൻ സ്വർണം മോഷ്ടിച്ചെന്ന് വ്യാജ പരാതിയും നൽകിയ സംഭവത്തിൽ പ്രതിയായ വീട്ടമ്മയെ രക്ഷിക്കാൻ ഉന്നതതല ശ്രമമെന്ന് ആരോപണം. കഴിഞ്ഞ ശനിയും ഞായറും പോലീസിനെ വട്ടം ചുറ്റിച്ച കേസൊതുക്കാൻ പോലീസിലെ തന്നെ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായാണ് സൂചന.
കളമശേരി ചങ്ങമ്പുഴ നഗറിലെ എം 2 വിൽ താമസിക്കുന്ന രോഷ്നി നായർക്ക് എതിരെ ഇതിനു മുമ്പും ബാലപീഡനത്തിന് കേസുണ്ടായിരുന്നതാണ്. ഇത്തവണ പോലീസിനെ പറ്റിച്ചതിന് കൂടി കേസെടുക്കേണ്ടതാണ്. പീഢനം സഹിക്കാൻ കഴിയാതെയാണ് പെൺകുട്ടി വീട്ടിൽ നിന്ന് രക്ഷപ്പെട്ടത്. നാമമാത്രമായ തുകയല്ലാതെ ശമ്പളമൊന്നും തന്നെ പെൺകുട്ടിക്ക് നൽകിയിരുന്നില്ല. പലപ്പോഴും മുടി മുറിച്ച് കളയുകയും മർദിക്കുകയും ചെയ്യുമായിരുന്നെന്നും കണ്ടെത്തിയിരുന്നു.
എന്നാൽ രക്ഷപ്പെട്ട ദിനം വേലക്കാരി തന്നെ മുറിയിൽ പൂട്ടിയിട്ട് സ്വർണം മോഷ്ടിച്ചു കൊണ്ടുപോയെന്ന പേരിലാണ് രോഷ്നി നായർ കളമശേരി പോലീസ് സ്റ്റേഷനിൽ എത്തിയത്. അകമ്പടിയായി പൊട്ടിക്കരയുകയും ചെയ്തു. എന്നാൽ കളമശേരി പോലീസ് ശനിയാഴ്ച രാത്രി മണിക്കൂറുകൾക്കകം ഒഡീഷ യുവതിയെ പിടികൂടിയതോടെ കെട്ടുകഥയുടെ ചുരുൾ അഴിയുകയായിരുന്നു.നഷ്ടപ്പെട്ടെന്നസ്വർണ്ണം കട്ടിലിനടിയിൽ പഴയ വസ്ത്രങ്ങൾക്കിടയിൽ സൂക്ഷിച്ചിരുന്നതായി പോലീസ് സംഘം കണ്ടെത്തി.
പ്രതിയെ ഇതുവരെ കോടതിയിൽ ഹാജരാക്കാൻ പോലീസ് തയാറായിട്ടില്ല. ബംഗാളി യുവതിയെ കാക്കനാട് റെസ്ക്യു ഹോമിൽ കൊണ്ടുചെന്നാക്കുകയും ചെയ്തു. വീട്ടിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ പോലീസ് കണ്ടെത്തുന്ന സമയത്ത് ദേഹത്ത് മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. പെൺകുട്ടിക്ക് 15 വയസുള്ള സമയത്താണ് ഈ വീട്ടിൽ എത്തിച്ചേർന്നതെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഒഡീഷ യുവതിയുടെ പരാതി ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. തൃക്കാക്കര അസി. കമ്മീഷണറുടെ കീഴിലാണ് കളമശേരി പോലീസ് സ്റ്റേഷൻ വരുന്നത്.