കോട്ടയം: പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ പാസ്റ്റർക്കെതിരേ പള്ളിക്കത്തോട് പോലീസ് കേസെടുത്തു. മണർകാടിനടുത്ത് ഇല്ലിവളവ് സ്വദേശിയായ നാൽപ്പത്തഞ്ചുകാരനായ പാസറ്റർക്കെതിരേയാണ് കേസ്. ഇന്നു വൈകുന്നേരത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. പെണ്‍കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയ ഡോക്ടർ കുട്ടിയിൽ നിന്ന് വിശദമായ വിവരങ്ങൾ തേടിയപ്പോഴാണ് പാസ്റ്ററുടെ ഉപദ്രവങ്ങളെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്.
തുടർന്ന് ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. പ്രാർഥനയ്ക്കായി പാസ്റ്റർ കുട്ടിയുടെ വീട്ടിൽ നിരന്തരം എത്തുമായിരുന്നുവെന്നും അറിവായി. പാസ്റ്റർ പോലീസിന്റെ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. അതേ സമയം ഈ കേസിൽ കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്ന നിലപാടിലാണ് പള്ളിക്കത്തോട് പോലീസ്. പോക്സോ വകുപ്പു പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.