പാറ്റ്ന: ബിരുദ വിദ്യാർഥിനിയെ ഷോപ്പിംഗ് മാളിൽനിന്നു തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ ബലാത്സംഗത്തിനിരയാക്കി. പാറ്റ്നയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ നാലു പേർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തു.
പാറ്റ്നയിൽ സഹോദരിക്കൊപ്പം താമസിക്കുന്ന ബിബിഎ വിദ്യാർഥിനിയായ പെണ്‍കുട്ടി തിങ്കളാഴ്ച രാത്രി 7.30-ന് പാറ്റ്നയിലെ ജിവി മാളിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇവിടെ നിന്നു പുറത്തിറങ്ങവെ പ്രതികൾ പെണ്‍കുട്ടിയെ തോക്കുചൂണ്ടി കാറിൽ തട്ടിക്കൊണ്ടുപോയി. പിന്നീട് പാടലീപുത്ര കോളനിയിലെ പി ആൻഡ് എം മാളിന്റെ സമീപത്തുള്ള അപ്പാർട്ട്മെന്റിൽവച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.
ഒരാൾ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്പോൾ മറ്റു മൂന്നുപേർ തോക്കുചൂണ്ടി കാവൽനിന്നു. ദൃശ്യങ്ങൾ മൊബൈൽ ഫോണിലും പകർത്തി. പോലീസിൽ പരാതിപ്പെട്ടാൽ ബലാത്സംഗത്തിന്റ വീഡിയോ ദൃശ്യങ്ങൾ പരസ്യമാക്കുമെന്നു പ്രതികൾ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു.
ഇവിടെനിന്നു രക്ഷപ്പെട്ട പെണ്‍കുട്ടി റൂംമേറ്റിനോടും സഹോദരനോടും സംഭവം വെളിപ്പെടുത്തി. ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. തന്നെ പീഡിപ്പിച്ചയാൾ മുന്‍പ് തന്റെ താമസസ്ഥലത്തു വന്നിരുന്നെന്നും ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചിരുന്നെന്നും പെണ്‍കുട്ടിയുടെ പരാതിയിൽ പറയുന്നു.
പാറ്റ്നയ്ക്ക് അടുത്തുള്ള ദുൽഹിൻ ബസാർ നിവാസിയായ സന്ദീപ് എന്നയാളാണു പോലീസ് പിടിയിലുള്ളത്. പാറ്റ്നയിൽ പാർക്കിംഗ് കരാർ ബിസിനസ് നടത്തിയിരുന്ന ഇയാൾക്കു യുവതിയെ പരിചയമുണ്ടായിരുന്നു എന്നും പോലീസ് പറയുന്നു.